എരുമേലിയിൽ കൂടുതൽ ക്രമീകരണങ്ങൾ: 3.13 ലക്ഷം പേർ കാനനപാതയിലെത്തി
1494700
Sunday, January 12, 2025 11:36 PM IST
എരുമേലി: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനായി ഇന്ന് വൈകുന്നേരത്തോടെ എരുമേലിയിൽനിന്നു തീർഥാടക പ്രവാഹമേറുമെന്നത് മുൻനിർത്തി സുരക്ഷ ശക്തമാക്കി. തീർഥാടകർ മകരജ്യോതി ദർശനത്തിന് തങ്ങുന്ന ഭാഗങ്ങൾ നിലവിൽ എരുമേലി വനമേഖലയിൽ ഇല്ലെന്നും മകരജ്യോതി ദർശനത്തിന് ശേഷം നാളെ വൈകുന്നേരം കാനനപാത പൂർണമായും അടയ്ക്കുമെന്നും 15 മുതൽ യാത്ര അനുവദിക്കില്ലെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ പറഞ്ഞു.
വനത്തിൽ ഉയരം കൂടിയ പ്രദേശങ്ങളിൽ തീർഥാടകർ മകരജ്യോതി ദർശനത്തിനെത്തുന്നത് തടയാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല സീസൺ ആരംഭിച്ച ശേഷം ഇന്നലെ വൈകുന്നേരം വരെ എരുമേലി കോയിക്കക്കാവ് കാനനപാതയിലെത്തിയ തീർഥാടകരുടെ എണ്ണം 3,13,615 ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ശബരിമലയിലേക്കുള്ള യാത്രാ തിരക്കും നാളെ മകരവിളക്ക് ദർശനം കഴിഞ്ഞ് എരുമേലി വഴി മടക്കയാത്രയുടെ തിരക്കും മുൻനിർത്തിയാണ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് സജ്ജമാക്കിയതെന്ന് പോലീസ് അറിയിച്ചു.
എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല വഹിക്കുന്ന എറണാകുളം ഡിഐജി സതീഷ് ബിനു ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും. ഇന്നലെ അദ്ദേഹം ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദുമായി എരുമേലി-പമ്പ ശബരിമല പാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പോലീസിൽനിന്ന് 650 പേരെയാണ് ജില്ലയിൽ സുരക്ഷാ ഡ്യൂട്ടിയിൽ വിന്യസിച്ചിട്ടുള്ളത്. എരുമേലി ടൗൺ, കണമല, കാളകെട്ടി, മൂക്കൻപെട്ടി ഇടത്താവളങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. എരുമേലി-പമ്പ ശബരിമല പാതയിൽ ഓരോ ഡ്യൂട്ടി പോയിന്റിലും പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കണമല ഇറക്കത്തിൽ ചരക്ക് ലോറികൾ കടത്തിവിടില്ല. ഇറക്കത്തിന്റെ തുടക്കത്തിൽ വാഹനങ്ങൾ തടഞ്ഞ് കോൺവേ അടിസ്ഥാനത്തിൽ കടത്തിവിടും.
മോട്ടോർ വാഹന വകുപ്പിന്റെയും റോഡ് സേഫ് സോൺ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പട്രോളിംഗ് സംഘം പമ്പ-ഇലവുങ്കൽ പാതയിലും എരുമേലി-കണമല-മുണ്ടക്കയം പാതകളിലും ഇടവിട്ട് വാഹന വേഗത പരിശോധിക്കും. എരുമേലി, കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് യൂണിറ്റിൽ 24 മണിക്കൂറും ഉദ്യോഗസ്ഥർ സേവനനിരതരായിരിക്കും. കണമല, കാളകെട്ടി ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് ക്യാമ്പ് ചെയ്യും.
ഇന്ന് വെർച്ച്വൽ ക്യൂ ബുക്കിംഗ് 50,000 ആയും മകരവിളക്ക ദിവസമായ നാളെ 40,000 ആയും മരവിളക്ക് കഴിഞ്ഞ് അടുത്ത ദിവസമായ 15ന് 60,000 ആയും നിയന്ത്രിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് എരുമേലിയിൽ അറിയിച്ചു. നിലവിൽ തത്സമയ ബുക്കിംഗ് സംവിധാനം നിലയ്ക്കലേക്ക് മാറ്റിയിരിക്കുകയാണ്. ദർശനത്തിനുശേഷം തിരിച്ചിറങ്ങുന്നവരും ബുക്കിംഗിന് നിൽക്കുന്നവരും ചേർന്നുള്ള തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
തത്സമയ ബുക്കിംഗ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ. സന്നിധാനത്ത് എത്തുന്ന ഭക്തർ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്ങാൻ സാധ്യതയുണ്ടെന്നുള്ളതിനാൽ തിരക്ക് നിയന്ത്രണ വിധേയമാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.