മകരവിളക്ക്; ജില്ലയില്‍ കനത്ത സുരക്ഷ
1494946
Monday, January 13, 2025 11:52 PM IST
കോട്ടയം: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനുശേഷം തീര്‍ഥാടകരുടെ വിവിധ ദേശങ്ങളിലേക്കുള്ള മടക്കം സുരക്ഷിതമാക്കാന്‍ കോട്ടയം ജില്ലയിലും കനത്ത ജാഗ്രത. ജില്ലയിലെ പോലീസ് സംവിധാനം ഇന്നു രാവിലെ മുതല്‍ നാളെ രാവിലെ വരെ പൂര്‍ണമായി കര്‍മനിരതരാകും. നിലയ്ക്കല്‍ മുതല്‍ എരുമേലി വരെ എല്ലാ കവലകളിലും പോലീസ് നിലയുറപ്പിക്കും. കണമല, അട്ടിവളവ്, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ നൂറിലേറെ പോലീസിനെ വിന്യസിക്കും. വാഹനങ്ങളുടെ വേഗനിയന്ത്രണം കര്‍ക്കശമാക്കും. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, 26-ാം മൈല്‍, പാലാ, പൊന്‍കുന്നം, പ്ലാച്ചേരി, മണിമല, ഈരാറ്റുപേട്ട, പെരുവന്താനം, കുട്ടിക്കാനം, പീരുമേട് പാതകളിലെ പ്രധാന ജംഗ്ഷനുകളിലും പോലീസ് സാന്നിധ്യമുണ്ടാകും. കാഞ്ഞിരപ്പള്ളി, എരുമേലി സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്നു രാത്രി മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമാകും. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്.
മകരജ്യോതി ദൃശ്യമാകുന്ന പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ അഗ്നിസുരക്ഷാ സേനയുടെ 60 പേരുള്ള യൂണിറ്റുകളെ വിന്യസിക്കും. ശബരിമലയില്‍ ഇന്നലെയും ഇന്നും സന്ദര്‍ശനം നടത്തിയശേഷം മകരജ്യോതി ദര്‍ശിക്കാന്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ തീര്‍ഥാടകര്‍ തമ്പടിച്ചിട്ടുണ്ട്. കൂടാതെ ജ്യോതി കാണാന്‍ വിനോദസഞ്ചാരികളും എത്തും. പാഞ്ചാലിമേട്ടില്‍ പതിനായിരത്തോളം പേര് എത്തുമെന്നാണ് സൂചന.
വിപുലമായ
ക്രമീകരണങ്ങൾ
പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍ അടക്കം ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കല്ലാര്‍ കവലയില്‍ പ്രത്യേകം കമാനം സ്ഥാപിച്ചു. വഴിയുടെ ഇരുവശങ്ങളും വൃത്തിയാക്കുകയും കുഴികള്‍ നികത്തുകയും ചെയ്തു. വഴിവിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കി. കൂടാതെ പരുന്തുംപാറയിലും പരിസരത്തും വെളിച്ച സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുണ്ടക്കയം, പെരുവന്താനം, പീരുമേട് പോലീസ് ഇവിടെ സുരക്ഷാ മേല്‍നോട്ടം നടത്തുന്നു. കുട്ടിക്കാനം, മണിയാര്‍ ക്യാമ്പുകളിലെ റിസര്‍വ് പോലീസും ഡ്യൂട്ടിിലുണ്ട്. അപകടസാധ്യതയുള്ള മേഖലകള്‍ വേലികെട്ടിയും ബാരിക്കേഡ് ഉപയോഗിച്ചും തിരിച്ചിട്ടുണ്ട്. മരുന്ന്, കുടിവെള്ളം മറ്റ് മെഡിക്കല്‍ സംവിധാനങ്ങള്‍ അടക്കം സജ്ജമാക്കും.
കനത്ത മഞ്ഞിറങ്ങുന്ന പ്രദേശത്ത് മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ എല്‍ഇഡി സ്ക്രീനില്‍ മകരവിളക്ക് സംപ്രേക്ഷണം ഒരുക്കുന്നുണ്ട്. പാര്‍ക്കിംഗിന് പ്രത്യേകം സെക്ടറുകള്‍ തിരിച്ചിട്ടുണ്ട്. വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാര്‍ സത്രം വഴിയും പുല്ലുമേട്ടിലെത്താം. കുമളി-കോഴിക്കാനം റൂട്ടില്‍ 50 ബസുകള്‍ സ്പെഷല്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ക്ക് ഇവിടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
മെഡിക്കൽ സേവനം
വള്ളക്കടവില്‍നിന്ന് പുല്ലുമേട് ടോപ്പ് വരെ രണ്ട് കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനനവും ഒരു കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഐസിയു ആംബുലന്‍സ്, മെഡിക്കല്‍ ടീം തുടങ്ങിയ സേവനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക.
പമ്പയിലേക്ക് ഇന്ന്
50 സ്പെഷല്‍ ബസുകള്‍
കോട്ടയം: മകരവിളക്ക് പ്രമാണിച്ച് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍നിന്ന് എരുമേലി-പമ്പ റൂട്ടിലേക്കും തിരിച്ചും 50 സ്പെഷല്‍ ബസുകള്‍ ഓടിക്കും. കൂടാതെ എരുമേലി ഡിപ്പോയില്‍നിന്ന് പത്ത് ബസുകള്‍ സ്പെഷല്‍ സര്‍വീസ് നടത്തും. തിരക്ക് വര്‍ധിച്ചതോടെ വിവിധ ജില്ലകളില്‍നിന്നായി 780 ബസുകളാണ് ഇന്ന് പമ്പയിലേക്കും തിരിച്ചും സ്പെഷല്‍ സര്‍വീസ് നടത്തുന്നുന്നത്. പതിവ് റൂട്ട് സര്‍വീസുകളില്‍ ഇന്ന് 20 ശതമാനം വെട്ടിച്ചുരുക്കല്‍ ഉണ്ടാകും.
ഇന്നു വൈകുന്നേരം മുതല്‍ നാളെ വൈകുന്നേരം വരെയായിരിക്കും പമ്പ റൂട്ടില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുക. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ 15 ബസുകള്‍ എപ്പോഴും തയാറായിക്കിടക്കും. കോട്ടയം ഡിപ്പോയില്‍ മണ്ഡലകാല സ്പെഷല്‍ സര്‍വീസില്‍ നാലു കോടി രൂപ കളക്ഷന്‍ ലഭിച്ചതായി ഡിടിഒ അറിയിച്ചു.
പാഞ്ചാലിമേട്ടിലും
പരുന്തുംപാറയിലും എത്താൻ
കോട്ടയം കുമളി റൂട്ടില്‍ പെരുവന്താനത്തിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയില്നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിലെത്താം. മുറിഞ്ഞപുഴയില്നിന്നു നാലു കിലോമീറ്ററാണ് ദൂരം. കോട്ടയം കുമളി റൂട്ടില്‍ പീരുമേട് കല്ലാര്‍ കവലയില്‍നിന്നു തിരിഞ്ഞ് പരുന്തുംപാറയിലെത്താം.