പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ഭീഷണി മുഴക്കിയയാളെ കീഴ്പ്പെടുത്തി
1494734
Sunday, January 12, 2025 11:37 PM IST
മുട്ടം: പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ആയുധവുമായി അക്രമാസക്തനായ ആളെ ഫയർഫോഴ്സ് കീഴ്പ്പെടുത്തി. മുട്ടം ചള്ളാവയൽ സ്വദേശിയായ 45കാരനാണ് നാട്ടുകാരുമായുള്ള തർക്കത്തിനിടെ പാചകവാതകം തുറന്നുവിട്ട് ആയുധവുമായി ഭീഷണി മുഴക്കിയത്. ഇതു പ്രദേശവാസികളെ മണിക്കൂറുകളോളം മുൾമുനയിലാക്കി. ഒടുവിൽ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഇയാൾ താമസിക്കുന്ന മുറിയുടെ സമീപത്തുള്ളവരും മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന കോളജ് വിദ്യാർഥികളും ഭയന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രദേശവാസി വിവരം ഫയർഫോഴ്സിൽ അറിയിച്ചു. ഉടൻതന്നെ തൊടുപുഴയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ബിജു പി. തോമസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. നാട്ടുകാരെ സ്ഥലത്തുനിന്നു മാറ്റിയതിനുശേഷം സേനാംഗങ്ങൾ ഇയാളുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കാനായിരുന്നു ആദ്യ ശ്രമം.
ഇതിനായി ഇയാളുടെ അച്ഛനേയും അമ്മയേയും സ്ഥലത്ത് വിളിച്ചുവരുത്തുകയും സേനാംഗങ്ങൾ മൂന്നു മണിക്കൂറോളം ശ്രമം നടത്തി ഇയാളെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാളുടെ സമീപത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ കൈയിൽ ഉണ്ടായിരുന്ന ആയുധങ്ങൾ തന്ത്രപൂർവം കൈവശപ്പെടുത്തി.
തുറന്നുവിട്ട ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച അടച്ച് അപകടാവസ്ഥ ഒഴിവാക്കി സിലിണ്ടർ പുറത്തേക്ക് മാറ്റുകയും ചെയ്തു.
ആളുടെ ശ്രദ്ധ മാറ്റിയതിനുശേഷം ഫയർഫോഴ്സ് അംഗങ്ങൾ മൽപ്പിടുത്തത്തിലൂടെ ഇയാളെ പിടികൂടി.
മാതാപിതാക്കളുടെ ആവശ്യപ്രകാരം അവരുടെ സാന്നിധ്യത്തിൽ പോലീസ് സഹായത്തോടെ സ്വകാര്യ ആംബുലൻസിൽ കയറ്റി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്.
സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ജോബി കെ. ജോർജ്, ഫയർ ഓഫീസർ ജെസ്റ്റിൻ ജോയി ഇല്ലിക്കൽ, ഹോം ഗാർഡുമാരായ മാത്യു ജോസഫ്, എം.പി. ബെന്നി എന്നിവരും മുട്ടം പോലീസ് സബ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.