ചൂടറിഞ്ഞു ജില്ലയും; പകല്‍ താപനില ഉയരുന്നു
1494698
Sunday, January 12, 2025 11:36 PM IST
കോട്ടയം: ചൂടറിഞ്ഞു ജില്ലയും. പകല്‍ താപനില മെല്ലെ ഉയരുന്നു. ഇന്നലെ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. കണ്ണൂരൂം പുനലൂരും കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതും കോട്ടയത്താണ്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും കൂടുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നത്.
മാസം പകുതിയോടെ നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും പിന്നാലെ ചൂട് വീണ്ടും കൂടും. ഇന്നലെ ഉച്ചയോടെ ആകാശം മേഘാവൃതമായെങ്കിലും മഴ പെയ്തില്ല. കഴിഞ്ഞ ദിവസം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നല്ല മഴ ലഭിച്ചിരുന്നു. പകല്‍ച്ചൂട് വര്‍ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാല്‍ രാവിലെയും വൈകിട്ടും തണുപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതല്‍.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരി അവസാനം മുതല്‍ പകല്‍ ചുട്ടുപൊള്ളുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിക്കാര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്. പല ദിവസങ്ങളിലും 40 ഡിഗ്രി വരെ അനൗദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു.
ഏതാനും ദിവസം വെയില് തെളിഞ്ഞതിനു പിന്നാലെ വരണ്ട അവസ്ഥയായിരിക്കുകയാണ്. തോടുകളിലെയും പുഴകളിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു. അതേസമയം, കഴിഞ്ഞ വര്‍ഷം നാലു സീസണുകളിലായി ജില്ലയില്‍ 13 ശതമാനം അധികം മഴ പെയ്തുവെന്നാണു കണക്ക്. മഴയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. കാലവര്‍ഷത്തില്‍ കുറവുണ്ടായെങ്കിലും മറ്റു മൂന്നു സീസണുകളിലും തകര്‍ത്തു പെയ്തു. ആകെ 2960.6 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്തത് 3350.7 മില്ലീമീറ്റര്‍.
ഡിസംബറിലെ മാത്രം കണക്കു പരിശോധിച്ചാല്‍ ജില്ലയില്‍ 368 ശതമാനം അധിക മഴ പെയ്തു. തുലാവര്‍ഷ കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒമ്പതു ശതമാനം അധികം മഴ പെയ്തിരുന്നു.