സ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
1494693
Sunday, January 12, 2025 10:15 PM IST
കാഞ്ഞിരപ്പള്ളി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന സ്വയംതൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് സൗജന്യമായി ലഭിക്കും.
ശരണ്യ സ്വയംതൊഴിൽ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 18നും 55നും മധ്യേ പ്രായമുള്ള വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, ഭർത്താവിനെ കാൺമാനില്ലാത്തവർ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ, മുപ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള സ്ത്രീകൾ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി 50,000 രൂപ പലിശരഹിത വായ്പ വകുപ്പ് നേരിട്ട് അനുവദിക്കുന്നതും, വായ്പത്തുകയുടെ 50 ശതമാനം സബ്സിഡിയായി അനുവദിക്കുന്നതുമാണ്. അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
കൈവല്യ സ്വയംതൊഴിൽ പദ്ധതി പ്രകാരം 21നും 55നും മധ്യേ പ്രായമുളള ഭിന്നശേഷികാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് വകുപ്പ് നേരിട്ട് 50,000 രൂപ വായ്പ അനുവദിക്കും. വായ്പത്തുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കും. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
കെസ്റു സ്വയംതൊഴിൽ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് പരമാവധി വായ്പത്തുക. വായ്പത്തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. പ്രായപരിധി 21നും 50നും മധ്യേ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ജില്ലയിലെ ബാങ്കുകൾ വഴിയാണ് വായ്പ വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാവുന്നതാണ്.
മൾട്ടി ർപ്പസ് സർവീസ് സെന്റേഴ്സ്, ജോബ് ക്ലബ് സ്വയംതൊഴിൽ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേർ ചേർന്ന് (പരമാവധി അഞ്ചുപേർ) കൃഷി, വ്യവസായം, ബിസിനസ്, സേവന മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. പരമാവധി വായ്പത്തുക പത്തു ലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതിച്ചെലവിന്റെ 10 ശതമാനം ആയിരിക്കും. കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രായപരിധി 21 -45 (പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വർഷത്തെയും മറ്റ് പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വർഷത്തെയും ഇളവ് അനുവദിക്കും). വായ്പത്തുക ജില്ലയെ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.