മാലിന്യവാഹിനിയായി മണിമലയാർ; പകർച്ചവ്യാധി ഭീഷണിയിൽ
1494692
Sunday, January 12, 2025 10:15 PM IST
മുണ്ടക്കയം: ടൗണിനു സമീപം മണിമലയാറ്റിൽ മാലിന്യംതള്ളൽ വ്യാപകമാകുന്നു. കുളിക്കടവുകൾ കേന്ദ്രീകരിച്ച് വൻതോതിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.
വീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളുമെല്ലാം മണിമലയാറിന്റെറെ ഓരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൂടാതെ കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുമുണ്ട്. മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ ഭാഗങ്ങളിൽ നിരവധിത്തവണ ശുചീകരണം നടത്തിയെങ്കിലും സാമൂഹ്യവിരുദ്ധർ വീണ്ടും ഇവിടെ മാലിന്യം തള്ളുകയാണ്. പുത്തൻചന്ത ഭാഗത്തുനിന്നു മണിമലയാറ്റിലേക്ക് ഇറങ്ങുന്ന കോൺക്രീറ്റ് റോഡിലൂടെയാണ് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ആറ്റിലേക്ക് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്.
വേനൽക്കാലമായതോടെ മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. വശങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യം പുഴയിലെ ജലത്തിൽ കലരുന്നത് മേഖലയിൽ പകർച്ചവ്യാധികൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംസ്ഥാനം ഒറ്റക്കെട്ടായി മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാനായി ശുചീകരണ പ്രവർത്തനവും ബോധവത്കരണവുമെല്ലാം സംഘടിപ്പിക്കുമ്പോഴാണ് മുണ്ടക്കയത്തിന്റെ ഏറ്റവും വലിയ ജലസ്രോതസായ മണിമലയാറ്റിലേക്ക് വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നത്.
പുഴയുടെ വശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഒപ്പം വീണ്ടും ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.