മാര്യേജ് സർട്ടിഫിക്കറ്റിനു വന്നപ്പോൾ കറന്റില്ല: ജനറേറ്റർ വാടകയ്ക്കെടുത്തു കൊണ്ടുവന്നു പ്രവാസി ദമ്പതികൾ
1494684
Sunday, January 12, 2025 8:16 AM IST
പാമ്പാടി: മാര്യേജ് സർട്ടിഫിക്കറ്റിന് വന്നപ്പോൾ കറന്റില്ല. ജനറേറ്റർ വാടകയ്ക്കെടുത്തു കൊണ്ടുവന്നു പ്രവാസി ദമ്പതികൾ. പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. രാവിലെ പത്തരയോടെയാണ് പ്രവാസി ദമ്പതികൾ പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്.
മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ഇവർക്ക് ഇന്നലെ രാവിലത്തെ ഫ്ളൈറ്റിൽ വിദേശത്തേക്കു പോകണമായിരുന്നു. ഇവർ വന്നപ്പോൾ ഓഫീസിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ ഇൻവെർട്ടർ ഇല്ലായെന്നറിഞ്ഞു. വൈദ്യുതി ഉടനെ വരുമെന്നു കരുതി കാത്തിരുന്നെങ്കിലും ഉച്ചയായിട്ടും വൈദ്യുതി എത്തിയില്ല.
തുടർന്നാണ് ജനറേറ്റർ വാടകയ്ക്കെടുത്ത് കൊണ്ടുവന്നത്. ഇലക്ട്രീഷനെയും എത്തിച്ച് സബ് രജിസ്ട്രാർ ഓഫീസിലേക്ക് കണക്ഷൻ നൽകി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കംപ്യൂട്ടർ പ്രവർത്തിപ്പിച്ച് മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങിയ ഇവർ ഇനിയാർക്കും ഈ ഗതി വരല്ലേ എന്നു പറഞ്ഞാണ് മടങ്ങിയത്.