സില്‍വര്‍ലൈന്‍ സമരത്തിന് വഴിത്തിരിവായത് പോലീസ് അതിക്രമം
1494676
Sunday, January 12, 2025 8:07 AM IST
മാടപ്പള്ളി: 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തിയ കെ-റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ഈ പോലീസ് അതിക്രമം നിയമസഭയിലും കേരളത്തിലുടനീളവും കോളിളക്കം സൃഷ്ടിച്ചു.
നിഷ്ഠുരമായി അക്രമിച്ചതുകൂടാതെ പോലീസ് ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടതും വിവാദത്തിനിടയാക്കി. യുഡിഎഫ്, ബിജെപി നേതാക്കളടക്കം തൃക്കൊടിത്താനം പോലീസ് സ്റ്റേഷനു മുമ്പില്‍ നിരാഹാരം അനുഷ്ഠിച്ചതിനെ തുടര്‍ന്നാണ് സമരക്കാരെ വിട്ടയച്ചത്.
പ്രതിപക്ഷത്തെയും ബിജെപിയിലേയും പ്രമുഖ നേതാക്കളെല്ലാം ഈ സ്ഥലം സന്ദര്‍ശിക്കുകയും സംഭവം ദൃശ്യ-ശ്രവ്യ-പത്ര മാധ്യമങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സമരത്തിന്റെ പേരില്‍ കോട്ടയം ജില്ലയില്‍ മുന്നൂറോളം പേര്‍ക്കെതിരേ പോലീസ് എടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. നിര്‍ദിഷ്ട പാതയ്ക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചസര്വേ നമ്പറിലുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഈ സ്ഥലങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും വായ്പകള്‍പോലും നിഷേധിച്ചിരിക്കുകയാണ്.
2022 ഏപ്രില്‍ 20 മുതല്‍ മുടങ്ങാതെ സമരം
ഈ സ്ഥലത്ത് 2022 ഏപ്രില്‍ 20ന് സ്ഥിരം സമരപ്പന്തല്‍കെട്ടി മാടപ്പള്ളി സമരത്തിനു തുടക്കമിട്ടത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി മേഖലകളില്‍പ്പെട്ട നൂറോളം സംഘടനകള്‍ വിവിധ ദിവസങ്ങളിലെ സത്യഗ്രഹ സമരത്തിനു നേതൃത്വം നല്കി. എല്ലാ ദിവസവും രാവിലെ 10മുതല്‍ 12വരെ ഒരു ദിവസംപോലും മുടങ്ങാതെ ഇവിടെ സമരം തുടരുകയാണ്.
മുന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് തുടങ്ങി നിരവധി നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയുണ്ടായി.
സമരസമിതി സംഘടിപ്പിച്ചത് ശ്രദ്ധേയമായ സമരങ്ങള്‍
സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി ആയിരം ദിവസത്തിനിടെ സംഘടിപ്പിച്ചത് ശ്രദ്ധേയമായ സമരങ്ങളാണ്. പലസമരങ്ങളും സംസ്ഥാന ശ്രദ്ധ നേടി. മാടപ്പള്ളി പഞ്ചായത്തിലേക്കു കിടപ്പാട സംരക്ഷണ ജാഥ, പദ്ധതി ഡിപിആര്‍ കൊടൂരാറ്റില്‍ ഒഴുക്കല്‍, മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന കാലിത്തൊഴുത്ത്, ബിരിയാണി ചെമ്പ് തുടങ്ങിയവയുടെ പ്രതീകാത്മത സമരങ്ങള്‍, പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനക്കെതിരേ അപ്പക്കച്ചവട സമരം, നവകേരള സദസിനെതിരേ കേരള സംരക്ഷണ സദസ്, ജില്ലയിലാകമാനം വാഹനപ്രചരണം, തെരഞ്ഞെടുപ്പുകളില്‍ ലഘുലേഖ വിതരണം, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്തി. ആയിരം ദിന സമരത്തിന്റെ ഭാഗമായി പോസ്റ്റര്‍ പതിപ്പിക്കലും വിളംബരവും നടന്നു വരികയാണ്.