വജ്രജൂബിലി തിളക്കത്തില്‍ ചങ്ങനാശേരി എസ്എച്ച് സ്കൂള്‍
1494674
Sunday, January 12, 2025 8:07 AM IST
ചങ്ങനാശേരി: ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനദീപമായി പ്രശോഭിച്ച ചങ്ങനാശേരി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആന്‍ഡ് സിഐഎസ്ഇ ജൂണിയര്‍ കോളജ് വജ്രജൂബിലി തിളക്കത്തില്‍. ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ആറു പതിറ്റാണ്ടുകാലം പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാര്‍ഥ്യമാണ് ഈ കലാലയത്തിനുള്ളത്.
അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ ദീര്ഘവീക്ഷണത്തില് 1964ലാണ് ഈ വിദ്യാലയത്തിനു തുടക്കംകുറിച്ചത്. ഫാ.കെ.ജെ. ആന്റണി കായിത്തറ സ്കൂളിന്റെ ആദ്യമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നു. കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ നേതൃത്വം ഈ സ്കൂളിന്റെ വളര്‍ച്ചയ്ക്കു പിന്നിലുണ്ട്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലാണ് ഇപ്പോഴത്തെ രക്ഷാധികാരി.
കഴിഞ്ഞ 12 വര്‍ഷമായി ബര്‍സാര്‍, അധ്യാപകന്, റെസിഡന്റ് മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഫാ. ജോസഫ് നെടുംപറമ്പില്‍ മാനേജരും വിദ്യാഭ്യാസ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ജയിംസ് ആന്റണി പ്രിന്‍സിപ്പലുമായി സേവനം ചെയ്യുന്നു.
സേക്രഡ് ഹാര്‍ട്ട് സ്കൂളിന്റെ ഭാഗമായി ആരംഭിച്ചതാണ് തൃക്കൊടിത്താനം കിളിമല സിബിഎസ്ഇ സ്കൂള്‍. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ താത്പര്യമനുസരിച്ചാണ് 2004ല്‍ ഐസിഎസ്ഇ സിലബസ് ആരംഭിച്ചത്. പരീക്ഷകളില്‍ മികവു പുലര്‍ത്തുന്ന എല്ലാ കുട്ടികള്‍ക്കും സ്കോളര്‍ഷിപ് നല്‍കുന്നതുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ ഈ സ്കൂളിനുണ്ട്.
എക്സലന്‍ഷ്യാ അവാര്‍ഡ്, ബെസ്റ്റ് എസ്എച്ചിയന് അവാര്‍ഡ്, ഹാര്‍ട്ടിയന്‍ അവാര്‍ഡ് എന്നിവ കുട്ടികള്‍ക്കുള്ള പ്രോത്സാഹനമാണ്. കുട്ടികളുടെ ആത്മീയ ഉന്നമനത്തിനായി എല്ലാദിവസവും മെഡിറ്റേഷനും സ്ഥിരംകൗണ്സിലര് സേവനവും സ്കൂളിന്റെ പ്രത്യകതയാണ്. സ്കൂള്‍ കലോത്സവങ്ങളിലും കായികമേളകളിലും കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കിയ ചരിത്രമാണ് എസ്എച്ചിനുള്ളത്.
വജ്രജൂബിലിയോടനുബന്ധിച്ച് പൂര്‍ത്തിയാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളുള്ള വിവിധ ലാബുകള്‍, മീഡിയ ക്യാബ്, സെമിനാര്‍ ഹാള്‍, ഫാ. കായിത്തറ മെമ്മോറിയല്‍ ഓഡിറ്റോറിയം, ബ്രെയിന്‍ ജിം, പ്ലേ സ്കൂള്‍, വൈദ്യുതിക്കായി സോളാര്‍ പാനലുകള്‍, മനോഹരമായ കാമ്പസ് തുടങ്ങിയവ എസ്എച്ചിന്റെ സവിശേഷതകളാണ്. ഒരു പതിറ്റാണ്ടിലധികമായി നടക്കുന്ന ഇന്‍ഡോ -ജര്‍മന്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമും സ്കൂളിന്റെ നേട്ടമാണ്.
വജ്രജൂബിലി ആഘോഷം 14ന്
എസ്എച്ച് സ്കൂളിന്റെ വജ്രജൂബിലി ആഘോഷം 14ന് ഉച്ചകഴിഞ്ഞ് 2.30ന് സ്കൂളിലെ മാര്‍ പവ്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ ശരത് ചന്ദ്രവര്‍മ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത വികാരിജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ അധ്യക്ഷത വഹിക്കും.