ഓരുവെള്ള ഭീഷണി: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും നെല്‍കൃഷി പ്രതിസന്ധിയില്‍
1494672
Sunday, January 12, 2025 8:07 AM IST
ചങ്ങനാശേരി: ഓരുവെള്ളം നെല്‍കൃഷിക്കു ഭീഷണി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ രണ്ടുമാസം വരെ പ്രായമായ നെല്‍കൃഷി പ്രതിസന്ധിയില്‍.
കടലില്‍നിന്നുള്ള വേലിയേറ്റം മൂലം ഉപ്പിന്റെ അളവുകൂടിയ ഓരുവെള്ളമാണ് പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇത് നെല്‍കൃഷിയെ ദോഷകരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേകളും ഓരുമുട്ടുകളും യഥാസമയം റെഗുലേറ്റു ചെയ്യാത്തതാണ് ഓരുവെള്ളം ക്രമാതീതമായി എത്താന്‍ കാരണമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ അനാസ്ഥമൂലമാണ് ഓരുവെള്ള ഭീഷണി നേരിടുന്നതെന്ന് നെല്‍കര്‍ഷക സംരക്ഷണ സംസ്ഥാനസമിതി ആരോപിച്ചു. തണ്ണീര്‍മുക്കം ബണ്ട് അടയ്ക്കുന്നതിലുണ്ടായ കാലതാമസത്തിലൂടെയും തകരാറിലായ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താതുമാണ് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ഇതുമൂലം ആയിരക്കണക്കിനു ഹെക്ടറിലെ നെല്‍കൃഷിയാണ് ഭീഷണി നേരിടുന്നത്.
നവംബര്‍ അവസാനം പത്തുദിവസത്തോളം നെല്‍കര്‍ഷക സംരക്ഷണ സംസ്ഥാനസമിതി ഭാരവാഹികള്‍ ആലപ്പുഴ കളക്ടറേറ്റിനു മുമ്പില്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്ന് സ്പില്‍വേകളും ഷട്ടറുകളും റെഗുലേറ്റു ചെയ്യുമെന്ന് കൃഷി, ഭക്ഷ്യവകുപ്പ് മന്ത്രിമാരും ആലപ്പുഴ ജില്ലാ കളക്ടറും ഉറപ്പു നല്‍കിയെങ്കിലും ഇത് നടപ്പാക്കാഞ്ഞതാണ് പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമായി സമരസമിതി ആരോപിക്കുന്നത്.
തോട്ടപ്പള്ളിയില്‍ സംഘടിപ്പിച്ച സമരപഥം സമരപരിപാടി നെല്‍ക്കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കള്‍, ഇ.ആര്. രാധാകൃഷ്ണ പിള്ള, റോയി ഊരാംവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.