ജലസംഭരണിയുടെ മുകളിലെത്തി കുട്ടികൾ വീഡിയോ ചിത്രീകരണം നടത്തുന്നതായി പരാതി
1494668
Sunday, January 12, 2025 8:06 AM IST
തലയോലപ്പറമ്പ്: വടയാർ ജംഗ്ഷനു സമീപത്തെ വാട്ടർ അഥോറിട്ടിയുടെ പുതിയ ജലസംഭരണിയുടെ മുകളിൽ കയറി കുട്ടികൾ വിഡിയോ ചിത്രീകരണം നടത്തുന്നതായി പരാതി. ജലസംഭരണിയിൽ പരിശോധന നടത്താനും മറ്റുമായി അധികൃതർക്ക് മുകളിലെത്താനായി തീർത്ത സ്റ്റെയർ വഴിയാണ് കുട്ടികൾ മുകളിലെത്തുന്നത്.
പുതിയ ജലസംഭരണിയോട് ചേർന്ന് ഉപയോഗശൂന്യമായ പഴയ ജലസംഭരണിയുണ്ട്. കാൽ നീട്ടിയാൽ പഴയ ജലസംഭരണിയിലേക്കും കയറാമെന്ന സ്ഥിതിയാണ്. കൂട്ടംകൂടിയെത്തി ജലസംഭരണിക്ക് മുകളിൽ കുട്ടികൾ എത്തുന്നത് ആളപായമുണ്ടാക്കാൻ ഇടവരുത്തുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അനധികൃതമായി ജലസംഭരണിയുടെ മുകളിൽ ആരും എത്താതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.