ഉദയനാപുരം - തുറുവേലിക്കുന്ന് റോഡിലെ തേനാമിറ്റം കലുങ്ക് വീതികൂട്ടി പുനർനിർമിക്കണം
1494666
Sunday, January 12, 2025 8:06 AM IST
വൈക്കം: ഉദയനാപുരം പഞ്ചായത്ത് തുറുവേലിക്കുന്ന് - നാനാടം റോഡിൽ അപകടങ്ങൾക്കിടയാക്കുന്ന വീതികുറഞ്ഞ തേനാമിറ്റം കലുങ്ക് വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കലുങ്കിന്റെ കൈവരികൾ തകർന്നു കമ്പികൾ പുറത്തു തെളിഞ്ഞു കാണാം. തുറുവേലിക്കുന്ന്- ആറ്റുവേലക്കടവ്- നാനാടം റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഏഴ്കോടി രൂപ മുടക്കിയാണ് പുനർനിർമിച്ചത്.
ഈ റോഡിലെ മറ്റ് രണ്ട് കലുങ്കുകൾ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിച്ചതിനോടനുബന്ധിച്ച് വീതികൂട്ടി പുനർനിർമിച്ചിരുന്നു. എന്നാൽ തേനാമിറ്റം കലുങ്ക് പുനർനിർമിച്ചില്ല. റോഡ് എട്ട് മീറ്റർ വീതിയിൽ പുനർ നിർമിച്ചപ്പോൾ റോഡിലെ കലുങ്കിന് മൂന്നുമീറ്റർ മാത്രം വീതിയായതിനാൽ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനാവില്ല.
റോഡ് ആധുനിക നിലവാരത്തിലായതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പതിന്മടങ്ങായി വർധിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ജീർണിച്ച കലുങ്ക് വീതി കൂട്ടി പുനർനിർമിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.