റേഷന്‍ കടകള്‍ കാലിയാകും ; വിതരണക്കാരുടെ സമരം തുടരുന്നു
1494452
Saturday, January 11, 2025 10:37 PM IST
കോട്ടയം: കുടിശിക മുടങ്ങിയതിനാല്‍ റേഷന്‍ സാധനങ്ങളുടെ വിതരണ കരാറുകാര്‍ പിന്‍വാങ്ങിയതോടെ റേഷന്‍ കടകള്‍ കാലിയാകുന്നു. ഇന്നും തിങ്കളാഴ്ചയുമായി ഏറെ കടകളിലും സ്റ്റോക്ക് തീരുന്ന സാഹചര്യമാണ്. സപ്ലൈകോ നിയമിച്ച കരാറുകാരാണു റേഷന്‍ കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം നടത്തുന്നത്.
എഫ്സിഐയില്‍ നിന്ന് കുത്തരി, ചാക്കരി, പച്ചരി, ആട്ട, ഗോതമ്പ് എന്നിവ റേഷന്‍ കടകളില്‍ എത്തിക്കുന്നത് കരാറുകാരാണ്. എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റി പൊതുവിതരണ വകുപ്പിന്റെ ഗോഡൗണുകളില്‍ സംഭരിച്ച ശേഷമാണ് റേഷന്‍ കടകളിലേക്ക് വിതരണം നടത്തുന്നത്.
കുടിശിക കിട്ടുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കുകയാണെന്നു കാണിച്ച് കരാറുകാരുടെ സംഘടന കേരള ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു.
ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത വകയില്‍ 88 കോടി രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. സപ്ലൈകോയ്ക്ക് അരിയും പഞ്ചസാരയും വിതരണം ചെയ്യുന്ന ആന്ധ്രയിലെയും കര്‍ണാടകത്തിലെയും വന്‍കിട ലോബികളുടെ കുടിശിക തീര്‍ക്കാന്‍ കേരളത്തിലെ കരാറുകാരെ ബലിയാടാക്കുകയാണെന്നും സംഘടന ആരോപിക്കുന്നു. സംസ്ഥാനത്ത് 60 കരാറുകാരാണ് റേഷന്‍ വിതരണത്തിനുള്ളത്. ഒരു താലൂക്കില്‍ വിതരണത്തിനായി ശരാശരി 45 വാഹനങ്ങള്‍ വീതം ഓടുന്നുണ്ട്.
2023 നവംബര്‍ മുതല്‍ ബില്ലുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടും തുക നല്‍കാതെ വൈകിപ്പിക്കുകയാണ്. 2024 ഡിസംബര്‍വരെ സപ്ലൈകോയ്ക്ക് സമയബന്ധിതമായി സാധനങ്ങള്‍ നല്‍കിയിയിട്ടും പല മാസങ്ങളിലും നിസാരമായ തുകയാണു സപ്ലൈകോ നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയില്ലെന്നും ഏതാനും ദിവസത്തെ സ്റ്റോക്ക് റേഷന്‍ കടകളിലുണ്ടെന്നുമാണു താലൂക്ക് സപ്ലൈ ഓഫീസുകളില്‍നിന്നുള്ള വിശദീകരണം.