ഗ്രാമീണ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി
1494450
Saturday, January 11, 2025 10:37 PM IST
കോട്ടയം: പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു എംപി.
ജില്ലയിലെ ആറു നിയോജകമണ്ഡലത്തിലെ 14ഉം എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡലത്തിലെ അഞ്ചും ഉള്‍പ്പെടെ 19 റോഡുകളുടെ നിര്‍മാണ പുരോഗതിയാണ് യോഗം ചര്‍ച്ച ചെയ്തത്. ഇതില്‍ 14 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിച്ചു പൂര്‍ത്തിയാക്കും. ബാക്കി അഞ്ചു റോഡുകളുടെ നിര്‍മാണത്തിന് ഉണ്ടായിരിക്കുന്ന തടസങ്ങള്‍ നീക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്ന റോഡുകള്‍
1. പൂവരണി അമ്പലം -പിഎച്ച്സി റോഡ്. 2. വാകത്താനം സെന്റ് ജോണ്‍സ് ചര്‍ച്ച് -വള്ളിക്കാട്ട് ദയറാ റോഡ്. 3. പാറമട- കുരീക്കല്‍- സെന്റ് തോമസ് പരുവനാടിച്ചിറക്കണ്ടം- നടുവിലമാവ് റോഡ്. 4. മടയന്‍കുന്ന്- കുറവിലങ്ങാട്- കുര്യം- വില്ലോനിക്കുന്നം റോഡ്. 5. മാണികാവ് വട്ടയില്തൂങ്കല്- വട്ടക്കുന്ന് റോഡ്. 6. ചെമ്മനാംകുന്ന്- മുടക്കരിപ്പടവ് റോഡ്. 7. ചൂരക്കുന്ന് -കോട്ടപ്പള്ളി- എഴുവാന്കുളം- തച്ചിലങ്ങാട്- മൊളേക്കരി റോഡ്. 8. കുളങ്ങരപ്പടി- ചുണ്ടലിക്കാട്ടുപടി- തരപ്പേല്പ്പടി റോഡ്. 9. ചേര്‍പ്പുങ്കല്‍- മരങ്ങാട്ടുപിള്ളി- ഇടാട്ടുമന- മുണ്ടുപാടം- നെല്ലിപ്പുഴ- ഇട്ടിയപ്പാറ -പ്രാര്‍ഥനാഭവന്‍ റോഡ്. 10. ചാപ്പമറ്റം- ഒമ്പതാംമൈല്‍- പരുതലമറ്റം- പടിഞ്ഞാറ്റുകര -മീനടം റോഡ്. 11. ആയാംകുടി- എഴുമാന്തുരുത്ത് -അട്ടക്കല്‍ -കടുത്തുരുത്തി റോഡ്. 12. മേമുഖം- അറക്കുന്നം- മണീട് റോഡ്. 13. ശിവാലി- ഗാന്ധിനഗര്‍- ശൂലം തലവടി- ആറ്റുവേലിക്കുഴി -വിളങ്ങപ്പാറ- മാങ്കുളം -ആലപ്ര റോഡ്. 14. വെട്ടിക്കല്‍- വെട്ടിത്തറ- മുടക്കോട്ടിച്ചിറ- സെന്റ് തോമസ് ചര്‍ച്ച് -മുടക്കിക്കാവ് റോഡ്.
മുടങ്ങിക്കിടക്കുന്ന അഞ്ചു റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുന്നതാണ്. പരിപ്പ് -തൊള്ളായിരം- മാഞ്ചിറ റോഡ് ടെന്‍ഡര്‍ ചെയ്തപ്പോള്‍ കരാറുകാരന് 40 ശതമാനം കൂടുതലാണ് ക്വോട്ട് ചെയ്തത്. കരാറുകാരനുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തെങ്കിലും തുക കുറയ്ക്കാന്‍ കരാറുകാരന് തയാറായില്ല. അതിനാല്‍ ഈ പ്രവൃത്തി റീ ടെന്‍ഡര്‍ ചെയ്യും.
കോതനല്ലൂര്‍- ഓണംതുരുത്ത് -ആനമല- കുറുമുള്ളൂര്‍- മുണ്ടുവേലിപ്പടി- പറയമാക്കില്- കരാടി റോഡ് പുതുക്കിയ എസ്റ്റിമേറ്റ് ഗവണ്മെന്റിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടുന്ന മുറയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു നിര്‍മാണം ആരംഭിക്കും.
15-ാംമൈല്‍ കെകെ റോഡ് -അരുവിക്കുഴി റോഡിലെ ജലജീവന്‍ മിഷന് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം ഉണ്ടായതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ കഴിഞ്ഞില്ല. കരാറുകാരനെ മനഃപൂര്‍വമുള്ള വീഴ്ച അല്ലാത്തതിനാല്‍ നഷ്ടോത്തരവാദിത്വമില്ലാതെ ടെര്‍മിനേറ്റ് ചെയ്തു. ഈ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. എത്രയും വേഗം അനുവാദം ലഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
പിഎംജിഎസ്വൈ സ്കീമില്‍ പുതുതായി ഏറ്റെടുക്കേണ്ട റോഡുകളുടെ ലിസ്റ്റ് എത്രയും വേഗം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ സി.എസ്. ലേഖ, എഡിസി ആനി ജി., എക്സിക്യൂട്ടീവ് എൻജിനിയര്‍മാരായ കെ.ടി. സാജന്, ബിന്ദു വേലായുധന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എം. നസിയ എന്നിവര്‍ സംബന്ധിച്ചു.