മോഷ്ടാവേ, ഞങ്ങളോടിത് വേണ്ടായിരുന്നു!
1494449
Saturday, January 11, 2025 10:37 PM IST
പാലാ: ളാലം ടൗണ്‍ അങ്കണവാടി കൃഷിത്തോട്ടത്തിലെ പച്ചക്കറികള്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി. അങ്കണവാടിയുടെ വശങ്ങളിലും പുറകിലുമായി കുട്ടികള്‍ക്കായി ഹെല്‍പ്പറും ടീച്ചറും ചേര്‍ന്ന് നട്ടുവളര്‍ത്തിയ പച്ചക്കറികളാണ് കഴിഞ്ഞ രാത്രി ആരോ മോഷ്ടിച്ചത്.
പഴയ ഗവൺമെന്റ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ടൗണ്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ടീച്ചര്‍ സുബിയും ഹെല്‍പ്പര്‍ മേരിയുമാണ് കുട്ടികള്‍ക്കായി പച്ചക്കറിത്തോട്ടം പരിപാലിച്ചിരുന്നത്. വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങ, പപ്പായ, വള്ളിപ്പയര്‍, ചീനി, മുളക്, പാവല്‍ എന്നിവ പാകമാകുന്നതിന് അനുസരിച്ച് കുട്ടികള്‍ക്ക് കറിവച്ച് നല്‍കുകയായിരുന്നു പതിവ്. വിഷരഹിതമായ പച്ചക്കറിക്കൊപ്പം കുട്ടികള്‍ക്ക് പാഠമാക്കാന്‍ കൂടിയാണ് കൃഷി ചെയ്തു തുടങ്ങിയത്. വെള്ളമൊഴിക്കാനും കായ്കളെ പരിചയപ്പെടാനും കുട്ടികളും ഒപ്പം കൂടാറുണ്ട്.
കഴിഞ്ഞ രാത്രി വിളവെടുക്കാറായ വെണ്ടയ്ക്ക, കോവയ്ക്ക, മുളക്, മുരിങ്ങയില, കപ്ലങ്ങ എല്ലാം ആരോ പറിച്ചെടുത്തു കൊണ്ടുപോയി. രാവിലെ അങ്കണവാടിയിലെത്തിയ ഹെല്‍പ്പര്‍ മേരിയാണ് പച്ചക്കറികള്‍ മോഷണം പോയതായി കണ്ടത്. കാത്തിരുന്നു വളര്‍ത്തിയ പച്ചക്കറികള്‍ കാണാതായത് കുട്ടികളെയും വിഷമത്തിലാക്കി.