വയോധികനെ കാണാനില്ലെന്നു പരാതി
1494447
Saturday, January 11, 2025 10:37 PM IST
പാലാ: ദൂരൂഹസാഹചര്യത്തില്‍ എണ്‍പത്തിനാലുകാരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇത്രയും ദിവസമായിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ ബന്ധുക്കൾ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി.
മീനച്ചില്‍ പടിഞ്ഞാറേമുറിയില് മാത്യു തോമസി (84)നെ ഡിസംബര്‍ 21നായിരുന്നു വീടിനു സമീപത്തുനിന്നു കാണാതായത്. മാത്യു തോമസും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്യു ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാണാതാകുമ്പോള്‍ മാത്യുവിന്റെ കൈവശം മൊബൈല്‍ ഫോണോ പണമോ ഉണ്ടായിരുന്നില്ല. സമീപവീടുകളില്‍ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മാത്യു ഒരു കാരണവശാലും വീടുവിട്ടു പോവുകയില്ലെന്നും മരുന്നുകളൊന്നും കൈയില്‍ കരുതാത്തതിനാല്‍ ആരോഗ്യനില മോശമാകുമെന്നും ബന്ധുക്കള്‍ പറയുന്നു.
നാട്ടിന്‍പുറത്തുനിന്ന് ഒരു വയോധികനെ കാണാതായിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.