മണിയാക്കുംപാറ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം പുനരാരംഭിക്കണം
1494444
Saturday, January 11, 2025 10:37 PM IST
പാലാ: നാലു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിലച്ച മണിയാക്കുംപാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പിഴക് ഗ്രാമ വികസനസമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
കടനാട് പഞ്ചായത്തിലെ മാനത്തൂര്‍ വാര്‍ഡില്‍ മണിയാക്കുംപാറയില് സ്ഥിതി ചെയ്യുന്ന ഈ പദ്ധതി ത്രിതല പഞ്ചായത്തില്‍നിന്ന് 28 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ആരംഭിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നതാണ് ഈ പദ്ധതി. വേനല്‍ക്കാലമായാല്‍ കിലോമീറ്ററുകള്‍ അകലെനിന്നു വെള്ളം വാഹനത്തില്‍ എത്തിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
പാമ്പനാല്‍ തോടിനോട് ചേര്‍ന്ന് നിര്‍മിച്ച കുളത്തില്‍നിന്നു വെള്ളം പമ്പ് ചെയ്ത് ടാങ്കില്‍ ശേഖരിച്ചാണു വിതരണം ചെയ്ത് കൊണ്ടിരുന്നത്. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥ മൂലമാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതെന്ന് യോഗം ആരോപിച്ചു.
യോഗത്തില്‍ ഗ്രാമ വികസനസമിതി പ്രസിഡന്റ് ആന്റണി ഞാവള്ളി അധ്യക്ഷത വഹിച്ചു.