എടിഎമ്മുകൾ പ്രവർത്തനരഹിതം; ഏന്തയാർ നിവാസികൾ ദുരിതത്തിൽ
1494441
Saturday, January 11, 2025 10:37 PM IST
ഏന്തയാർ: എടിഎമ്മുകൾ പ്രവർത്തനരഹിതമായതോടെ ഏന്തയാർ നിവാസികൾ ദുരിതത്തിൽ. ടൗണിൽ എസ്ബിഐയുടെയും കേരള ബാങ്കിന്റെയും രണ്ട് എടിഎമ്മുകളാണുള്ളത്. ഇത് രണ്ടും പ്രവർത്തനരഹിതമായിട്ട് നാളുകൾ പിന്നിട്ടതായി പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഏന്തയാർ, ഇളങ്കാട്, മുക്കുളം, വടക്കേമല അടക്കമുള്ള മലയോര മേഖലയിലെ ആളുകളുടെ ആശ്രയമാണ് ഏന്തയാർ ടൗണിലുള്ള രണ്ട് എടിഎമ്മുകൾ. എന്നാൽ, ഒട്ടുമിക്ക ദിവസങ്ങളിലും ഇവ പ്രവർത്തനരഹിതമാകുന്നതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാകും. അത്യാവശ്യ ഘട്ടങ്ങളിൽ ആളുകൾ ഓട്ടോറിക്ഷ വിളിച്ച് കൂട്ടിക്കലോ മുണ്ടക്കയത്തോ എത്തിയാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ എടിഎമ്മുകൾ പ്രവർത്തനസജ്ജമാക്കും. എന്നാൽ, ദിവസങ്ങൾ പിന്നിടും മുമ്പേ വീണ്ടും ഇത് പ്രവർത്തനരഹിതമാകും.
കുത്തക കമ്പനികളുടെ സ്വകാര്യ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന് സഹായിക്കാനാണ് എടിഎമ്മുകൾ പ്രവർത്തന സജ്ജമാക്കാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം എടിഎമ്മുകൾ സ്ഥാപിച്ചാൽ അതിൽനിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താക്കൾക്ക് കമ്മീഷൻ ഇനത്തിൽ വലിയ തുക നഷ്ടമാകുമെന്നും പറയപ്പെടുന്നു. നിലവിലുള്ള എടിഎമ്മുകൾ പ്രവർത്തനസജ്ജമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സംഘടിപ്പിക്കുമെന്ന് സന്നദ്ധ സംഘടനാ ഭാരവാഹികൾ പറഞ്ഞു.