വിശുദ്ധജീവിതങ്ങളെ മാതൃകകളാക്കി ജീവിതവിശുദ്ധി നേടണം: മാര്‍ മാത്യു അറയ്ക്കല്‍
1494435
Saturday, January 11, 2025 10:06 PM IST
പൊടിമറ്റം: വിശുദ്ധജീവിതങ്ങളെ മാതൃകകളാക്കി ജീവിതവിശുദ്ധി കൈവരിക്കാന്‍ സഭാമക്കള്ക്കാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ പൊടിമറ്റം-ആനക്കല്ല് റോഡിനോടു ചേര്‍ന്ന് സിഎംസി പ്രൊവിന്‍ഷ്യൽ ഹൗസിനു സമീപം നിർമാണം പൂര്‍ത്തിയായ കുരിശടിയുടെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു തിരുനാള്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ അറയ്ക്കല്‍.
പരിശുദ്ധ കന്യകമറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമ്മുടെ കുടുംബങ്ങളില്‍ ഏറെ അനുഗ്രഹങ്ങള്‍ വര്ഷിക്കപ്പെടുന്നു. ഭൗതികചടങ്ങുകളിലൊതുങ്ങാതെ ആത്മീയ ഉണര്‍വിലും ജീവിതവിശുദ്ധിയിലും മുന്നേറാനും ദൈവികദാനമായ ജീവിതത്തെ ക്രമപ്പെടുത്താനും തിരുനാളാഘോഷങ്ങള്ക്കാകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേർത്തു.
കെകെ റോഡിലൂടെ പുതിയ കുരിശടിയിലേക്കുള്ള ഭക്തിസാന്ദ്രവും പ്രൗഢവുമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു.
ഇന്നു വൈകുന്നേരം നടക്കുന്ന ഇടവക ദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും.