അതിരമ്പുഴയിലെ മോഷണം: മോഷ്ടാക്കളെ കണ്ടെത്തിയില്ല
1493882
Thursday, January 9, 2025 6:53 AM IST
അതിരമ്പുഴ: അതിരമ്പുഴയിൽ ആൾത്താമസമില്ലാതിരുന്ന വീടിന്റെ വാതിൽ തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായില്ല. ഏറ്റുമാനൂർ പോലീസ് പ്രതികൾക്കായുള്ള ഊർജിത അന്വേഷണത്തിലാണ്.
അതിരമ്പുഴ - പാറോലിക്കൽ റോഡിൽ റെയിൽവേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയിൽ വർഗീസ് ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഡിസംബർ 22ന് കുമളിയിലെ വീട്ടിൽ പോയ വർഗീസും കുടുംബവും കഴിഞ്ഞ ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുൻവാതിലിന്റെ പലക തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാക്കൾ ഒരു മുറിയുടെ വാതിലിന്റെ പലകയും പൂട്ടും കുത്തിപ്പൊളിച്ചിരുന്നു. മൂന്നര പവൻ സ്വർണാഭരണങ്ങളും 7000 രൂപയും നഷ്ടപ്പെട്ടതായാണ് ഇവർ പോലീസിൽ അറിയിച്ചിരുന്നത്. എന്നാൽ, മോഷ്ടാക്കൾ വാരിവലിച്ചിട്ട സാധനങ്ങൾ പരിശോധിക്കുന്നതിനിടെ സ്വർണാഭരണങ്ങൾ മുറിയിൽനിന്ന് ലഭിച്ചു. ഈ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചിട്ടുണ്ട്.
ഒരു ഏജൻസി വഴി മുമ്പ് വീട്ടിൽ നിന്ന ജോലിക്കാരിയെ സംശയമുള്ളതായി വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ ഫോൺ നമ്പരും വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. 100 പവൻ സ്വർണവും വീടിന്റെ പെയിന്റിംഗിനായി ബാങ്കിൽനിന്ന് എടുത്ത മൂന്നു ലക്ഷം രൂപയും വീട്ടിലുള്ളത് ഇവർക്ക് അറിയാമായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു.
ഈ സ്വർണവും പണവും ലക്ഷ്യമിട്ടാണ് മോഷണം ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നു. എന്നാൽ, കുമളിയിലേക്ക് പോകുമ്പോൾ ഇവർ വീട്ടിൽനിന്ന് സ്വർണവും പണവും മാറ്റിയിരുന്നു.
മോഷണം നടന്ന വീടിനു സമീപം റോഡരികിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ ഏതാനും മാസങ്ങൾക്കു മുമ്പു മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.