പുഴയിലേക്കിടിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം
1493891
Thursday, January 9, 2025 6:53 AM IST
തലയോലപ്പറമ്പ്: പുഴയിലേക്ക് ഇടിഞ്ഞുതാണ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നു. ചെമ്പിലെ മുക്കം-കൊല്ലേരി റോഡിലെ കൊല്ലേരിമുക്ക് വളവിലാണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞു താണത്.
ഏനാദി, ബ്രഹ്മമംഗലം, തുരുത്തുമ്മ എന്നിവിടങ്ങളിലുള്ളവർ തലയോലപ്പറമ്പ് മാർക്കറ്റ്, വൈക്കം എന്നിവടങ്ങളിലേക്ക് പോയിരുന്നത് ഇതുവഴിയായിരുന്നു. റോഡ് ഇടിഞ്ഞു താണതോടെ സമീപവാസിയുടെ സ്ഥലത്തു കൂടിയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.
റോഡിന്റെ ശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും പുഴയിലേക്ക് ഇടിയുമെന്ന സ്ഥിതിയിലായതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും സുരക്ഷിതമായി പോകാനാവില്ല.
ഗതാഗതം സുരക്ഷിതമാക്കുന്ന വിധത്തിൽ പുഴയോരം കരിങ്കൽ ഭിത്തി കെട്ടി ബലപ്പെടുത്തി റോഡ് പുനർനിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.