അങ്കണവാടി നിർമിക്കാൻ വിമുക്തഭടൻ സൗജന്യമായി സ്ഥലം നൽകി
1493893
Thursday, January 9, 2025 7:03 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ അങ്കണവാടി നിർമിക്കാൻ വിമുക്തഭടൻ പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ള അഞ്ച് സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകി. ഒന്നാം വാർഡിൽ അങ്കണവാടിക്ക് സ്ഥലമില്ലാതിരുന്നതിനാൽ മൂന്നാം വാർഡിലെ വാടകക്കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
കുട്ടികളുടെ യാത്രാ ദുരിതം കണക്കിലെടുത്ത് വാർഡ് മെംബർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക സ്ഥലത്തിനായി പലരെയും സമീപിച്ചെങ്കിലും ലഭിച്ചില്ല. കുരുന്നുകളുമായി മാതാപിതാക്കൾ ദൂരെയുള്ള അങ്കണവാടിയിൽ പോകുന്നതിലെ ദുരിതം ബോധ്യപ്പെട്ട വിമുക്തഭടനായ മുളമ്പാട്ട് എം.ആർ. സോമൻ സ്ഥലം നൽകാനായി സന്നദ്ധനാകുകയായിരുന്നു.സ്ഥലത്തിന്റെ ആധാരം എം.ആർ. സോമൻ പഞ്ചായത്തിലെത്തി പ്രസിഡന്റ് കെ.എൻ. സോണിയ്ക്ക് കൈമാറി.
പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ, പഞ്ചായത്ത് മെംബർമാരായ കെ. ശ്യാംകുമാർ, മനു, വി.കെ. മഹിളാമണി എന്നിവർ സംബന്ധിച്ചു. ലഭിച്ച സ്ഥലത്ത് എംഎൽഎയുടേയോ ഡിപ്പാർട്ട്മെന്റിന്റേയോ ഫണ്ട് ലഭ്യമാക്കി സ്മാർട്ട് അങ്കണവാടി നിർമിക്കുന്നതിനു ശ്രമം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക പറഞ്ഞു.