ഉപ്പുവെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കോൺഗ്രസ്
1493894
Thursday, January 9, 2025 7:03 AM IST
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൽ ഓരുവെള്ളം കലർന്നതിനെ തുടർന്ന് വ്യാപകമായി കൃഷി നശിക്കുന്നു. മറവൻതുരുത്ത് ഉദയനാപുരം പഞ്ചായത്തുകളിലാണ് പുഴയിൽ നിന്നും ഓരു വെള്ളം കയറി നെല്ല്, വാഴ,പച്ചക്കറി കൃഷികൾക്കാണ് നാശമുണ്ടാകുന്നത്. വേമ്പനാട്ടുകായലിൽ വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയർന്നപ്പോൾ മൂവാറ്റുപുഴയാറ്റിലൂടെ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറിയാണ് കൃഷി നശിക്കുന്നത്.
പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. മറവൻതുരുത്ത് പഞ്ചായത്തിൽ മാത്രം അറുനൂറോളം ഏക്കറിലെ വാഴകൃഷിയും നെൽകൃഷിയും പച്ചക്കറി കൃഷിയും ഇതിനകം നശിച്ചു കഴിഞ്ഞു.
പഞ്ചായത്തുകളുടെ കെടുകാര്യസ്ഥത മൂലമാണ് ഒരുമുട്ടുകൾ സ്ഥാപിക്കുവാൻ വൈകിയതെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഉപ്പുവെള്ളം കയറി കൃഷി നശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷിബു ആവശ്യപ്പെട്ടു.