മാസം തീരാന്‍ ഇനി രണ്ടുദിനം മാത്രം : ചങ്ങനാശേരി താലൂക്കിലെ 24 കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിയില്ല
1490883
Sunday, December 29, 2024 7:27 AM IST
ചങ്ങനാശേരി: മാസം തീരാന്‍ ഇനി രണ്ടുദിനം മാത്രം ബാക്കിനില്‍ക്കേ ചങ്ങനാശേരി താലൂക്കിലെ 24 റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിയില്ല. സാധനങ്ങള്‍ എത്തിക്കുന്നതില്‍ സപ്ലൈകോയ്ക്ക് നിസംഗ നിലപാടെന്ന് ആക്ഷേപം. താലൂക്കില്‍ ആകെ 148 റേഷന്‍ കടകളാണുള്ളത്. അരിയും മറ്റു സാധനങ്ങളും ഇല്ലാതെ വന്നതോടെ റേഷന്‍ കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ വെറും കയ്യോടെ മടങ്ങുന്ന സാഹചര്യമാണുള്ളത്. ഭൂരിപക്ഷം കടകളിലും സാധനങ്ങള്‍ എത്തിച്ചേര്‍ന്നത് ഈ മാസം ഇരുപതിനു ശേഷമാണ്.
സപ്ലൈ ഓഫീസില്‍നിന്ന് താലൂക്കിലെ റേഷന്‍ കടകളിലേക്കുളള സാധനങ്ങളുടെ പട്ടിക സപ്ലൈകോ ഡിപ്പോ അധികൃതരെ അറിയിക്കുകയാണ് പതിവ്. മാസത്തിന്റെ മധ്യത്തോടെ ഡിപ്പോ ഗോഡൗണില്‍നിന്നും റേഷന്‍ കടകളില്‍ സാധനസാമഗ്രികള്‍ എത്തിച്ചെങ്കില്‍ മാത്രമേ വിതരണം സുഗമമായി നടത്താനാകൂ. എന്നാല്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്നും റേഷന്‍ കടകളില്‍ സാധനസാമഗ്രികള്‍ എത്തിക്കുന്ന കരാറുകാര്‍ക്ക് കരാര്‍തുക നല്കാത്തതുമൂലം സംസ്ഥാനത്തൊട്ടാകെ കരാറുകാര്‍ മെല്ലെപ്പോക്കു സമരത്തിലാണ്.
കരാറുകാർക്കു തുക നല്കാന് സര്‍ക്കാരിനു വൈമനസ്യം
പണം ലഭിക്കാനുള്ളതിനാല്‍ ചങ്ങനാശേരിയിലെ കരാറുകാരന് മാസങ്ങള്‍ക്കു മുമ്പ് കരാര്‍ ഉപേക്ഷിച്ചു പോയിരുന്നു. പകരം താത്കാലികമായി കരാര്‍ ഏറ്റയാളുടെ കാലാവധി നവംബര്‍ 30ന് അവസാനിച്ചു. പുതിയ കരാറുകാരന് എഗ്രിമെന്റ് വച്ചത് താമസിച്ചതോടെയാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ വൈകിയതെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതിസന്ധിയുണ്ടാകാനിടയുള്ളതിനാല് കൂടുതല്‍ സ്റ്റോക്ക് കടകളില്‍ കരുതി വയ്ക്കണമെന്ന് റേഷന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ഇതു പാലിക്കപ്പെടാതെ പോയതാണ് വിതരണതടസത്തിനു കാരണമായതെന്നുമാണ് സിവില്‍ സപ്ലൈസ് ഡിപ്പോ അധികൃതരുടെ ഭാക്ഷ്യം. എന്നാല്‍ കൂടുതല്‍ സ്റ്റോക്ക് എടുത്തുവയ്ക്കുകയെന്നത് അത്ര എളുപ്പമല്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. റേഷന്‍ സാധനങ്ങള്‍ യഥാസമയം വിറ്റഴിക്കാന്‍ കഴിയാത്തതു തങ്ങള്‍ക്കുള്ള വരുമാനം നഷ്ടപ്പെടുത്താന്‍ കാരണമാക്കിയതായും വ്യാപാരികള്‍ പറയുന്നു.
റേഷന്‍ വിതരണ തീയതി ദീര്‍ഘിപ്പിക്കണം
യഥാസമയം റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വിതരണ തീയതി ദീര്‍ഘിപ്പിച്ച് ഉപഭോക്താക്കള്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ഉണ്ടായിയിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സിവില്‍ സപ്ലൈസ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചതായി പ്രസിഡന്റ് രമേശ്കുമാര്‍, സെക്രട്ടറി സനില്‍ മാത്യു എന്നിവര്‍ പറഞ്ഞു.