ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു
1490803
Sunday, December 29, 2024 5:57 AM IST
പാലാ: ഹോം ഓട്ടോമേഷനിലെയും ത്രീഡി അനിമേഷനിലെയും സാധ്യതകള്‍ പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്യാമ്പില്‍ 96 കുട്ടികള്‍ പങ്കെടുത്തു. വീടുകളിലെ സുരക്ഷാസംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകള്‍ തയാറാക്കലാണ് ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികള്‍ പൂര്‍ത്തീകരിച്ച പ്രോജക്ട്.
വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും പാചകവാതക ചോര്‍ച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈല്‍ ആപ്പുകള്‍ ക്യാമ്പംഗങ്ങള്‍ തയാറാക്കി.
പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്കിയ റോബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
സ്വതന്ത്ര സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷന്‍ നിര്‍മാണമായിരുന്നു അനിമേഷന്‍ വിഭാഗത്തിലെ കുട്ടികളുടെ പ്രവര്‍ത്തനം. മികച്ച പ്രകടനം കാഴ്ചവച്ച പത്തു പേരെ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
സമാപന യോഗത്തില്‍ കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ഓണ്‍ലൈനില്‍ കുട്ടികളുമായി സംവദിച്ചു.