നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് റോഡരികിലെ 11 കെവി വൈദ്യുതപോസ്റ്റും ലൈനും തകര്‍ന്നു
1490881
Sunday, December 29, 2024 7:20 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു റോഡരികിലെ 11 കെവി വൈദ്യുതി പോസ്റ്റും ലൈനും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി കമ്പികള്‍ റോഡിലേക്ക് വീണെങ്കിലും വൈദ്യുതി വിതരണം നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടുത്തുരുത്തി - തലയോലപ്പറമ്പ് റോഡില്‍ മാന്നാര്‍ ജംഗ്ഷന് സമീപത്തെ വളവില്‍ ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടം. എറണാകുളത്ത് നിന്നും കടുത്തുരുത്തി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയിലുള്ള 11 കെവി വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവസമയത്ത് മറ്റു വാഹനങ്ങള്‍ ഇതുവഴി കടന്നു പോയെങ്കിലും അപകടം നടക്കുന്നതിനിടെ വൈദ്യുതി ബന്ധം നിലച്ചത് വന്‍ദുരന്തം ഒഴിവാക്കി. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് തലയോലപ്പറമ്പ് - കടുത്തുരുത്തി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുത കമ്പികള്‍ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് കടുത്തുരുത്തി, തലയോലപ്പറമ്പ് കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി ഇവ നീക്കം ചെയ്ത ശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. കടുത്തുരുത്തി, തലയോലപ്പറമ്പ് സ്റ്റേഷനുകളില്‍നിന്ന് പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.