ചാവറ സ്മരണയിൽ മാന്നാനത്ത് സന്യസ്തസംഗമം
1490872
Sunday, December 29, 2024 7:20 AM IST
മാന്നാനം: ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസസഭയായ സിഎംഐ സഭയുടെയും സിഎംസി സഭയുടെയും സ്ഥാപകപിതാവായ വിശുദ്ധ ചാവറയച്ചന്റെ സ്മരണയിൽ സന്യസ്തരുടെ സംഗമം.
വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചാണ് വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ ഇന്നലെ സന്യസ്ത സംഗമം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി വിവിധ സന്യാസ സമൂഹങ്ങളിലെ അംഗങ്ങളായ നൂറുകണക്കിന് സന്യസ്തർ സംഗമത്തിൽ പങ്കെടുത്തു.
ഫാ. ബിബിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിനുശേഷം ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഇന്നു സമാപിക്കും
ആശ്രമദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് നടന്നുവരുന്ന 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം സന്ദർശിക്കുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും വിശ്വാസികളുടെ വൻ തിരക്ക്. വിശുദ്ധരുടെ വിശ്വാസ ജീവിതത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്ന തിരുശേഷിപ്പ് പ്രദർശനത്തെ ഏറെ താത്പര്യത്തോടെയാണ് വിശ്വാസികൾ വീക്ഷിക്കുന്നത്.
തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തിരുശേഷിപ്പ് വണക്കത്തിന് അവസരമുണ്ട്.
ഇന്ന് ചാവറ കുടുംബസംഗമം
തിരുനാളിനോടനുബന്ധിച്ച് ഇന്ന് ചാവറ കുടുംബസംഗമം നടത്തും. ചാവറ കുടുംബാംഗങ്ങൾ ഉച്ചകഴിഞ്ഞ് 2.30ന് ആശ്രമദേവാലയത്തിൽ ഒന്നിച്ചു കൂടും. ചാവറ കുടുംബാംഗങ്ങളായ ഫാ. ലൂക്കാ ചാവറ സിഎംഐ, ഫാ. ജോൺ ജെ. ചാവറ, ഫാ. വിൽസൺ ചാവറകുടിലിൽ സിഎംഐ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
വിശുദ്ധ ചാവറയച്ചൻ ജീവിതം സമർപ്പിച്ച സന്യാസവര്യൻ: മാർ ജോസഫ് അരുമച്ചാടത്ത്
പ്രാർഥന, ധ്യാനം തുടങ്ങിയ സുകൃത ജീവിതത്തോടൊപ്പം ജനങ്ങളുടെ ആധ്യാത്മികവും സാമൂഹ്യവുമായ ഉന്നമനത്തിനുവേണ്ടിയും ജീവിതം സമർപ്പിച്ച സന്യാസവര്യനാണ് വിശുദ്ധ ചാവറ പിതാവെന്ന് ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്. വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. മനോജ് വടക്കേടത്ത് സിഎംഎഫ്, ഫാ. സോജി തേവലശേരി സിഎംഐ എന്നിവർ സഹകാർമികരായിരുന്നു. വൈകുന്നേരം സിഎംഐ ജനറൽ കൗൺസിലർ ഫാ. മാർട്ടിൻ മള്ളാത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന അർപ്പിച്ചു.