ഇനി കേന്ദ്ര റിപ്പോർട്ട് അനുകൂലമാകണം; പ്രതീക്ഷയോടെ പമ്പാവാലി
1490799
Sunday, December 29, 2024 5:57 AM IST
കണമല: പെരിയാർ കടുവാ സംരക്ഷിത പരിധിയിൽനിന്ന് പമ്പാവാലി മേഖലയെ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ സ്ഥലം സന്ദർശിച്ചതോടെ പ്രതീക്ഷയിലാണ് പമ്പാവാലിയിലെയും എയ്ഞ്ചൽവാലിയിലെയും നാട്ടുകാർ.
ഇനി കേന്ദ്രസംഘം സ്ഥിതിവിവര റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണം. ഇതിന് ശേഷം ഫോറസ്റ്റ് ക്ലിയറന്സ് റിപ്പോർട്ട് കൂടി ലഭ്യമാകേണ്ടതുണ്ട്. ഇതുൾപ്പെടെ റിപ്പോർട്ട് കേന്ദ്ര വന്യജീവി ബോർഡ് യോഗം ചേർന്ന് അംഗീകരിച്ച് പ്രധാനമന്ത്രി ഒപ്പുവയ്ക്കണം. എങ്കിൽ മാത്രമാണ് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവാ സംരക്ഷിത പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം അന്തിമമാവുക. റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ വീണ്ടും നടപടികൾ നീളും.
കേരളം സമർപ്പിച്ച ശിപാർശയിലെ വസ്തുതകൾ പൂർണമായും ശരിയാണെന്ന് കേന്ദ്രസംഘം വിലയിരുത്തി റിപ്പോർട്ട് നൽകിയാലാണ് അനുകൂലമായ അന്തിമ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറപ്പെടുവിക്കുക.
പ്രദേശങ്ങളിലെ ജനവാസത്തിന്റെ പഴക്കം, ജനങ്ങൾ ഇവിടെ താമസം ആരംഭിച്ചതിന് കാരണമായ സർക്കാർ പദ്ധതി സംബന്ധിച്ച വിവരങ്ങളും രേഖകളും, വനമേഖലയുടെ വിസ്തൃതി, ജനവാസ മേഖലയുമായുള്ള ദൂരപരിധി, പെരിയാർ കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലവുമായുള്ള അകലം തുടങ്ങിയ വസ്തുതകൾ ഉൾപ്പെടെയാണ് കേന്ദ്രസംഘം പരിശോധിക്കുക.
2022 സെപ്റ്റംബറിലാണ് സംരക്ഷിത വനമേഖലകൾക്കു ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇത് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ ബാധകമായത് പ്രദേശങ്ങൾ പെരിയാർ കടുവാ സങ്കേത പരിധിയിൽ ഉൾപ്പെട്ടതു കൊണ്ടു മാത്രമാണ്.
വിദഗ്ധ സമിതി സന്ദർശനം നടത്തിയതോടെ ഈ പ്രദേശങ്ങൾ പെരിയാർ കടുവാ സാങ്കേതത്തിൽനിന്ന് ഒഴിയാൻ പോകുന്നതിന്റെ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.