ചെമ്പ് മുറിഞ്ഞപുഴയിലെ പഴയ പാലവും പരിസരവും വിശ്രമകേന്ദ്രമാക്കണമെന്ന്
1490879
Sunday, December 29, 2024 7:20 AM IST
വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശമകേന്ദ്രമാകുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗത യോഗ്യമല്ലാതായി തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം തീർത്തതോടെ പഴയപാലവും പരിസരവും വിനോദ സഞ്ചാരികളുടേയും യാത്രികരുടേയും ഇഷ്ട ലൊക്കേഷനായി മാറിയിട്ടും ഈ സ്ഥലത്ത് വിനോദ സഞ്ചാര വികസനത്തിനു സഹായകരമായ കാര്യങ്ങളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചെമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രണ്ട് ഊഞ്ഞാലും ഒരു ചാരു ബെഞ്ചും സ്ഥാപിച്ച് ഇവിടം അവളിടം സ്ത്രീ സൗഹൃദപാർക്കാണെന്ന് കാട്ടി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകൾ കലാപരിപാടികളടക്കം നടത്തി പഴയ പാലവും പരിസരവും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
സഞ്ചാരികൾക്ക് തണലിടമൊരുക്കി കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല ആരംഭിച്ചാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും വാഹന യാത്രികർക്കുമൊക്കെ ഉപകാരപ്രദമാകുമായിരുന്നു. ഈ ആവശ്യം വർഷങ്ങളായി ഉയർന്നിട്ടും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ ചെമ്പിലരയൻ സ്മാരക വള്ളംകളി മുറിഞ്ഞപുഴയിൽ നടത്തിയപ്പോൾ വേദിയായത് ഇവിടത്തെ പഴയ പാലമായിരുന്നു.
മുവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് ഏതാനും മീറ്ററുകൾക്കപ്പുറമാണ് വേമ്പനാട്ട് കായലിൽ സംഗമിക്കുന്നത്. പുഴ കായൽസൗന്ദര്യം ഒരേ സമയം നുകരാൻ കഴിയുന്ന മുറിഞ്ഞപുഴ ഇപ്പോൾ തന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ടലൊക്കേഷനാണ്.
തുരുത്തുകളാൽ സമ്പന്നമാണ് ചെമ്പ് പഞ്ചായത്ത്.നാലു വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട പൂക്കൈത തുരുത്ത് മുറിഞ്ഞപുഴ പാലത്തിന് തൊട്ട് കിഴക്ക് ഭാഗത്താണ്. 45 കുടുംബങ്ങൾ പാർക്കുന്ന തുരുത്തിലെ ജനജീവിതം വള്ളങ്ങളെ ആശ്രയിച്ചാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബങ്ങളാണ് തുരുത്തുകളിൽ അധികവും. ചുണ്ടയിടലും വലയിടിലുമൊക്കെയായി പുഴയിലും കായലിലും ചെറുവഞ്ചികളിൽ പണിയെടുക്കുന്ന മത്സ്യതൊഴിലാളികൾ വിനോദ സഞ്ചാരികളുടേയും മനസു നിറയ്ക്കുന്ന ഗ്രാമ കാഴ്ചയാണ്.
തിരക്കേറിയ വീഥിക്കു സമീപം പുഴക്കാറ്റേറ്റ് വിശ്രമിക്കാനും ലഘുഭക്ഷണം കഴിച്ച് യാത്ര തുടരാനും ഏറെ അനുയോജ്യമാണിവടം. വിശ്രമകേന്ദ്രമൊരുക്കിയാൽ കുടുംബശീ വനിതാ സംരംഭകർക്കടക്കം നിരവധി കുടുംബങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി പ്രയോജനപ്പെടും. വിനോദ സഞ്ചാര വികസനത്തിലൂടെ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും മുറിഞ്ഞപുഴയിലെ പഴയ പാലവും പരിസരവും പുഴയോര വിശ്രമകേന്ദ്രമൊരുക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
‘മുറിഞ്ഞപുഴയിലെ പഴയ പാലവും പരിസരവും ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി എട്ടു ലക്ഷത്തോളം രൂപ വിനിയോഗിച്ച് കുട്ടികൾക്ക് പാർക്ക് തീർക്കും.
2025 മാർച്ചിനകം ഈ പദ്ധതി യാഥാർഥ്യമാക്കും.കുടുംബശ്രീയുമായി സഹകരിച്ച് ലഘുഭക്ഷണശാല ആരംഭിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.’
സുനിൽമുണ്ടയ്ക്കൽ
ചെമ്പ് പഞ്ചായത്ത് അംഗം