സിപിഎം ജില്ലാ സമ്മേളനം പാമ്പാടിയില്‍; വിമര്ശനവേദിയാകും
1490791
Sunday, December 29, 2024 5:45 AM IST
കോട്ടയം: പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനം ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ പാമ്പാടിയില്‍ നടക്കും. ആദ്യമായാണ് പാമ്പാടി ജില്ലാ സമ്മേളനത്തിനു വേദിയാകുന്നത്. പുതുപ്പളളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം. ഏരിയാതല സെമിനാറുകള്‍, വിദ്യാര്‍ഥി, യുവജന തൊഴിലാളി, മഹിളാ സംഗമങ്ങള്‍, മെഗാ തിരുവാതിര, നാടന്‍ പന്തുകളി, ചെസ് മത്സരം, സാഹിത്യ മത്സരം എന്നിവയാണ് പ്രധാന പരിപാടികള്‍.
ബ്രാഞ്ച് തലം മുതല്‍ 28,284 അംഗങ്ങള്‍ സമ്മേളനങ്ങളില്‍ പങ്കാളികളായി. 1761 ബ്രാഞ്ചുകളിലും 124 ലോക്കല്‍ കമ്മിറ്റികളിലും 12 ഏരിയാ കമ്മിറ്റികളിലും സമ്മേളനം പൂര്‍ത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ബ്രാഞ്ചുതലം മുതല്‍ ഏരിയാതലം വരെയുള്ള സമ്മേളന ചര്‍ച്ചകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരെ പേരെടുത്താണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം, കേരള കോണ്‍ഗ്രസ്-എമ്മുമായുള്ള ഭിന്നത, ബിജെപിയുടെ കടന്നുകയറ്റം തുടങ്ങിയും ചര്‍ച്ച ചെയ്യപ്പെട്ടു.