കൊച്ചി: കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയിലുള്ള (ഐഎസ്ആര്‍എഫ്) ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കരാറില്‍ ഒപ്പുവച്ച് ഡിപി വേള്‍ഡ് കമ്പനിയായ ഡ്രൈഡോക്സ് വേള്‍ഡും കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡും.
മുംബൈയില്‍ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025ല്‍ ഡ്രൈഡോക്സ് വേള്‍ഡിന്റെ സിഇഒ ക്യാപ്റ്റന്‍ റാഡോ അനോട്ടോലോവിച്ചും കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരും തമ്മില്‍ ധാരണാപത്രം കൈമാറി.
അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളില്‍ സ്ഥിതിചെയ്യുന്ന ഐഎസ്ആര്‍എഫില്‍, അത്യാധുനിക ഷിപ്പ്ലിഫ്റ്റ് സംവിധാനവും വിവിധതരം കപ്പലുകള്‍ക്ക് സേവനം നല്കാന് ശേഷിയുള്ള ആധുനിക ഡോക്കിംഗ് സൗകര്യങ്ങളുമുണ്ട്. സിഎസ്എല്ലും ഡ്രൈഡോക്സ് വേള്‍ഡും ഒരുമിച്ച് കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ മേഖലയിലെ സഹകരണത്തിന്റെ സാധ്യതകള്‍ വിലയിരുത്തും.
സമുദ്രവ്യാപാരരംഗത്തെ മികവിന്റെ കാര്യത്തില്‍ ഒരേ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന മേഖലയിലെ ഏറ്റവും രണ്ടു മുന്‍നിര സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ സഹകരണമെന്ന് മധു എസ്. നായര്‍ പറഞ്ഞു.
Tags : Cochin Shipyard Drydocks collaboration