തിരുവനന്തപുരം: ആമസോണ്‍ ഗ്ലോബൽ സെല്ലിംഗിലൂടെ ഇന്ത്യയിൽ നിന്ന് 2015 മുതൽ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളർ എന്ന നാഴികക്കല്ലു പിന്നിട്ടതായി ആമസോണ്‍.
2025ഓടെ ഇന്ത്യയിൽനിന്നുള്ള ഇ കോമേഴ്സ് കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കും എന്നായിരുന്നു ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ ലക്ഷ്യം 20 ബില്യണ്‍ ഡോളറായി ഉയർത്തുകയായിരുന്നു.
2015ലാണ് ഇ-കോമേഴ്സ് കയറ്റുമതിക്കായുള്ള പതാകവാഹക പദ്ധതിയായ ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനിടെ രണ്ടു ലക്ഷം കയറ്റുമതിക്കാരാണ് ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിൽപനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം വർധനയാണ് ഉണ്ടായത്.
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് വഴിയുള്ള കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്.