മത്സ്യ സഹകരണസംഘങ്ങൾ നവീകരിക്കാൻ പദ്ധതി
Thursday, January 23, 2025 2:59 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: രാജ്യത്തെ മത്സ്യ സഹകരണ സംഘങ്ങളെ ഫിഷ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനു (എഫ്എഫ്പിഒ) കളാക്കി നവീകരിക്കും. നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റേതാണ് പുതിയ പദ്ധതി. മത്സ്യ സഹകരണ സംഘങ്ങള്‍ക്കു സാങ്കേതികവിദ്യ, വായ്പ, വിപണി എന്നിവയില്‍ നിലവില്‍ വലിയ പരിമിതികളാണുള്ളത്.
ഇവ പരിഹരിച്ചു സംഘങ്ങളെ എഫ്എഫ്പിഒകളാക്കി ഈ രംഗത്ത് കുതിപ്പുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യ ഉത്പാദന-സംസ്കരണ- വിപണന ശൃംഖല നവീകരിക്കുന്നതില്‍ മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വിലയിരുത്തല്‍.
രാജ്യത്ത് 40 ലക്ഷം അംഗങ്ങളുള്ള 28,300 മത്സ്യ സഹകരണ സംഘങ്ങളാണുള്ളത്. പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ യോജനയിലൂടെ 5,500 മത്സ്യ സഹകരണ സംഘങ്ങളെ എഫ്എഫ്പിഒ കളാക്കി ധനസഹായം നല്‍കും.
എഫ്എഫ്പിഒ ആകുന്ന ഓരോ മത്സ്യ സംഘത്തിനും രണ്ടു ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാകും. ഗ്യാപ്പ് അനാലിസിസ് നടത്തുന്നതിനും അനുയോജ്യമായ ബിസിനസ് പ്ലാന്‍ തയാറാക്കുന്നതിനും ഒരു ലക്ഷം രൂപയും ഓഫീസ് ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 90,000 രൂപയും പരിശീലനത്തിന് 10,000 രൂപയും ലഭിക്കും. മത്സ്യ മന്ത്രാലയത്തിന്റെ മറ്റു പദ്ധതികളുടെ സഹായം ലഭിച്ചതും ബിസിനസ് പ്ലാന്‍ തയാറാക്കിയിട്ടുള്ളതുമായ സംഘങ്ങള്‍ക്കു സഹായം ലഭിക്കില്ല.
ആദ്യഘട്ടത്തില്‍ കേരളത്തിലെ 188 മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. സ്ഥാപനങ്ങളുടെ ശേഷി വളര്‍ത്താന്‍ പരിശീലനം, സാമ്പത്തിക സഹായം, വിപണി, മോണിറ്ററിംഗ് തുടങ്ങിയവ ലഭ്യമാക്കും. മത്സ്യ സഹകരണ സംഘങ്ങളെ എഫ് എഫ് പി ഒകളായി ശക്തിപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. https://nfdp.dof.gov.in
നിബന്ധനകള്‍
= മത്സ്യരംഗത്തുള്ള കര്‍ഷകര്‍, തൊഴിലാളികള്‍, വില്പനക്കാര്, സംരംഭകര്‍ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവര്‍ അംഗങ്ങളായ മത്സ്യ സഹകരണ സംഘമാകണം.
=കുറഞ്ഞത് 35 അംഗങ്ങള്‍ വേണം.
=മൂന്ന് വര്‍ഷമായി രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
=തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഉണ്ടാകണം.