ജീവനക്കാർക്ക് ‘ഉറപ്പായ പെൻഷനെ’ന്ന് ധനമന്ത്രി: ഇത്തരത്തിൽ മെഡിസെപ് വേണ്ടെന്ന് പ്രതിപക്ഷം
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ (അഷ്വേർഡ് പെൻഷൻ) വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. ധന- നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടങ്ങിയ ഉന്നതതല സമിതി പങ്കാളിത്ത പെൻഷൻ പദ്ധതി പഠിച്ചിരുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ചു വ്യക്തതതേടി കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. രാജസ്ഥാൻ, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവ പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നിയമപരമായി ഇതു സാധ്യമല്ലെന്നാണു കേന്ദ്രനിലപാട്. ഉറപ്പായ പെൻഷൻ വേണമെന്ന നിലപാടിൽ നിന്നു സർക്കാർ പിന്നോട്ടുപോകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ഈ രീതിയിൽ വേണ്ടെന്നാണ് അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിക്ക് ബജറ്റിൽ പണം വകയിരുത്തിയിരുന്നത് ഒഴിവാക്കി. ജീവനക്കാരിൽ നിന്ന് 6000രൂപ പ്രതിവർഷം ഈടാക്കുന്ന പദ്ധതിയിൽ സർക്കാരിന് 322കോടി രൂപയുടെ നേട്ടമുണ്ടാകുന്നു.
ചികിത്സ ലഭ്യമായ ആശുപത്രികളിൽ നാലിലൊന്നും കണ്ണാശുപത്രികളാണ്. പട്ടികയിലുള്ള നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർഥ ബില്ലിന്റെ പത്തിലൊന്നുപോലും മെഡിസെപ്പിൽ നിന്ന് ലഭിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.