യൂത്ത് കോണ്ഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നൽകിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.
ഇന്നലെ രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് നിയമസഭയ്ക്കു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാൻ പ്രവർത്തകർ തയാറായില്ല.
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഏറെ നേരം നിയമസഭയ്ക്കു മുന്നിൽ സംഘർഷം നീണ്ടു. ഇതുവഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറിലേറെ തടസപ്പെട്ടു. ഒടുവിൽ യൂത്ത് കോണ്ഗ്രസ് നേതാക്കൾ ഇടപെട്ടാണു സംഘർഷത്തിൽ നിന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രവർത്തകർ മന്ത്രി എം.ബി. രാജേഷിന്റെ കോലം കത്തിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യ കുംഭകോണമാണു പാലക്കാട് ബ്രൂവറിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഒയാസിസ് കന്പനി സിപിഎമ്മിന്റെ ചീഫ് പാർട്ട്ണർ ആയിരുന്നുവെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
സകല തട്ടിപ്പുകാരുടെയും കാവലാളാണു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി എം.ബി. രാജേഷ് തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജന്റാണ്. ഏതു കന്പനിയുമായി വന്നാലും പാലക്കാട് പ്രവർത്തിക്കാൻ അനുവദിക്കില്ല. എം.ബി. രാജേഷ് വാങ്ങിയ പണം കന്പനിക്കു തിരികെ കൊടുക്കുന്നതാണു നല്ലതെന്നും രാഹുൽ പറഞ്ഞു.