പണിമുടക്ക്: സിപിഐ അംഗങ്ങളും സഭവിട്ട് ഇറങ്ങിപ്പോരണമെന്നു പ്രതിപക്ഷം
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: ഡിഎ കുടിശികയടക്കം നൽകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേ സമരം ചെയ്യുന്ന യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾക്കൊപ്പം ജോയിന്റ് കൗണ്‍സിലും പണിമുടക്കുന്ന സാഹചര്യത്തിൽ സിപിഐ അംഗങ്ങളും നിയമസഭയിൽ നിന്നുള്ള വാക്കൗട്ടിൽ പങ്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാൻ തയാറാകാത്തതിനെ തുടർന്നു നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,സിപിഐ എംഎൽഎമാരേയും ഇറങ്ങിപ്പോക്കിനു ക്ഷണിച്ചത്.
ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ കവരുന്ന സർക്കാർ നടപടിക്കെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾക്കൊപ്പം സിപിഐയുടെ ജോയിന്റ് കൗണ്‍സിലും പണിമുടക്കുന്നുണ്ട്.
ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാക്കൗട്ട് നടത്താനാണു ക്ഷണിച്ചത്. എന്നാൽ, മന്ത്രി കെ. രാജനും ജി.ആർ. അനിലും അടക്കമുള്ള സിപിഐ പ്രതിനിധികൾ നിയമസഭയിലുണ്ടായിട്ടും ആരും മിണ്ടിയില്ല.
പണ്ട് രാജകൊട്ടാരത്തിൽ മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന് വിദൂഷകർ പാടിയിരുന്നതായും അങ്ങയെ വെട്ടിലാക്കാൻ ഇതുപോലെ പലരും പലതും പാടുമെന്നും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കരുതെന്നും സതീശൻ മുഖ്യമന്ത്രിക്ക് ഉപദേശവും നല്കി.
ചെങ്കൊടിക്കു കാവലായി, ചെങ്കൊടിക്കു തോഴനായി എന്ന വാഴ്ത്തു പാട്ടു പാടിയ ശേഷം ഡിഎ കുടിശിക അടക്കം ലഭിക്കാതെ ജീവിതം പ്രതിസന്ധിയിലായത് ഓർത്ത് പാടിയവർ വേദിക്കു പിറകിലേക്കു പോയി കരയുകയായിരുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.
വയലാറിന്റെ വരികളെപ്പോലും പിന്നിലാക്കി വാഴ്ത്തുപാട്ട് രചിച്ചയാളെ സർവീസിൽ നിന്നു വിരമിച്ചശേഷവും ജോലിയിൽ പ്രതിഷ്ഠിച്ചതായും വിഷ്ണുനാഥ് ആരോപിച്ചു.