ഫോറസ്റ്റ് റേഞ്ചേഴ്സ് അസോ. അംഗീകാരം റദ്ദാക്കണം: സംയുക്ത കർഷക സമിതി
Thursday, January 23, 2025 3:00 AM IST
തൊടുപുഴ: മുഖ്യമന്ത്രി നേരിട്ട് പത്രസമ്മേളനം നടത്തി പിൻവലിച്ച വനനിയമ ഭേദഗതി ബിൽ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരേ പ്രമേയം പാസാക്കിയ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ അംഗീകാരം സർക്കാർ റദ്ദാക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വനംമന്ത്രിയെ കൂട്ടുത്തരവാദിത്വം ലംഘിച്ചതിന്റെ പേരിൽ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും സംയുക്തകർഷക സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ വിരുദ്ധ യോഗത്തിൽ പങ്കെടുത്ത ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, ഈസ്റ്റേണ് സിസിഎഫ് കെ. വിജയാനന്ദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും വേണം.
സമ്മേളനത്തിൽ ജർമൻ വനിത പങ്കെടുത്ത് പ്രസംഗിച്ചതിലെ നിയമവശം സർക്കാർ വിശദീകരിക്കണം. പാശ്ചാത്യ അന്തരീക്ഷ മലിനീകരണ കുത്തക കന്പനികൾ നിയന്ത്രിക്കുന്ന എൻജിഒകളുമായി സംഘാടകർക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കണം. 1961ലെ വനനിയമം കാലോചിതമായി മാറ്റിയെഴുതാൻ കർഷക നിയമവിദഗ്ധർ അടങ്ങുന്ന ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വനനിയമം വനത്തിനുള്ളിൽ പരിമിതപ്പെടുത്തണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കിരാത ഗുണ്ടാ സംഘങ്ങളായി ശിക്ഷ വിധിക്കുന്ന നീതിപീഠങ്ങളാകുന്നത് അനുവദിക്കാനാവില്ലെന്നും പ്രഖ്യാപിച്ച് സംസ്ഥാനത്തെ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ സമരമുഖം തുറക്കും.
മറയൂരിൽ ചന്ദനം മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അഞ്ചുയുവാക്കളെ ശാരീരികമായി ഉപദ്രവിക്കരുതെന്ന് കോടതി നിർദേശം നൽകി കസ്റ്റഡിയിൽ വിട്ടെങ്കിലും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ അതിക്രൂരമായ പീഡനത്തിനാണ് ഇവർ വിധേയരാക്കിയത്. ഇതിനു പുറമേ വിലങ്ങണിയിച്ച് തെരുവിൽ നടത്തുകയും ചെയ്തു.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വനം വകുപ്പ് സംസ്ഥാനത്ത് സമാന്തര സർക്കാരായി പ്രവർത്തിക്കുകയും നിയമങ്ങൾ കാറ്റിൽപറത്തുകയുമാണ്.
കർഷക സംഘടനകളുടെ സമർദത്തിനു വഴങ്ങി വനനിയമഭേദഗതി ബിൽ പിൻവലിച്ചെങ്കിലും നിലവിലുള്ള നിയമം ദുരുപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണ്. പത്തനംതിട്ടയിൽ ഒരുകേസിലും പ്രതിയല്ലാത്ത പൊന്നുമത്തായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നരഹത്യക്ക് തിരുവനന്തപുരം സിബിഐ സ്പെഷൽ കോടതിയിൽ വിചാരണ നടന്നുവരികയാണ്.
കോതമംഗലം ആനവേട്ട കേസിൽ പിടിയിലായ പ്രതികളും ക്രൂരമായ മർദനത്തിനിരയായി. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്പോൾ അവയെ പ്രതിരോധിക്കാൻ വനംവകുപ്പധികൃതർ ചെറുവരൽപോലും അനക്കുന്നില്ല.
വന്യമൃഗങ്ങളെ നേരിടേണ്ട ഉത്തരവാദിത്വത്തിൽനിന്ന് നിസാര കാരണങ്ങൾ പറഞ്ഞ് ഒളിച്ചോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ഹൈക്കോടതി, സുപ്രീംകോടതി, മഹാരാഷ്ട്ര ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ നരഹത്യക്ക് കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവൃത്തിയിൽ പീഡനം അനുഭവിക്കുന്നവർക്ക് സംസ്ഥാന തലത്തിൽ നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകാൻ വിവിധ കർഷക സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
ആദ്യപ്രഖ്യാപനം രണ്ടിന് രാവിലെ 11നു മറയൂർ ടൗണിൽ വനംവകുപ്പ് ഭീകരതയ്ക്കെതിരേ നടക്കുന്ന സർവകക്ഷി സമ്മേളനത്തിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ സമ്മേളനം നിലന്പൂർ മുൻ എംഎൽഎ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും. ദേശീയ കർഷക സമരത്തിന്റെ ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു അധ്യക്ഷത വഹിക്കും. അഡ്വ. ജോണി കെ. ജോർജ് മുഖ്യപ്രഭാഷണം നടത്തും.
ദേവികുളം ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.ഐ.ജെ.ജോസഫ്, കർഷക സംഘടന പ്രതിനിധികളായ അഡ്വ. ബിനോയി തോമസ്, അഡ്വ. മാൻസണ് തോമസ്, മണി മുതലാംകോട്, സിജുമോൻ ഫ്രാൻസിസ്, ഗഫൂർ വെണ്ണിയോട്, ജോണ് മാത്യു ചക്കിട്ടയിൽ, ഷൈജു തിരുനെല്ലൂർ, അഡ്വ. സുമിൻ നെടുങ്ങാടൻ, ഡിജോ കാപ്പൻ, ഡോ. ജോസുകുട്ടി ഒഴുകയിൽ, റസാഖ് ചൂരവേലി, പി.എം. ബേബി എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ അതിജീവന പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി, പശ്ചിമഘട്ട പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജെയിംസ് വടക്കൻ, വി-ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണൻചിറ, കർഷക രക്ഷാസമിതി ചെയർമാൻ ഡോ. ജോസുകുട്ടി ഒഴുകയിൽ, സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ സെക്രട്ടറി സുജി മാസ്റ്റർ എന്നിവർ പങ്കെടുത്തു.