ബോബി ചെമ്മണൂരിനു ജയിലിൽ സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ
Wednesday, January 22, 2025 2:36 AM IST
തിരുവനന്തപുരം: നടിക്കെതിരേ ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ മറ്റ് സന്ദർശകരോടൊപ്പം അനധികൃതമായി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ ജയിൽ ഡിഐജി സന്ദർശിച്ചത് ഗുരുതര കുറ്റമാണെന്നും ഒത്താശ നൽകിയ ജയിൽ സൂപ്രണ്ടിനെതിരേ അച്ചടക്ക നടപടി വേണമെന്നുമുള്ള ജയിൽ മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര- ജയിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ബോബി ചെമ്മണൂരിനെ ജില്ലാ ജയിലിൽ എത്തിച്ചതിനു പിന്നാലെ മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ മറ്റു നാലുപേർക്കൊപ്പം സന്ദർശിച്ചത് ഗുരുതര കുറ്റമാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
ഡിഐജി അജയകുമാർ, ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവർക്ക് വീഴ്ച സംഭവിച്ചതായി ജയിൽ ആസ്ഥാനത്ത് ഡിഐജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായയ്ക്കു കൈമാറി.
ഇരുവർക്കുമെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കണമെന്ന ശിപാർശയോടെയാണ് ജയിൽ മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ജയിലിൽനിന്ന് ഫോണ് വിളിക്കുന്നതിന് ഡിഐജി ചട്ടവിരുദ്ധമായി 200 രൂപ ബോബിക്ക് കൈമാറിയെന്നും ഇത് രേഖകളിൽ കൃത്രിമമായി ചേർത്തെന്നും റിപ്പോർട്ടിലുണ്ട്.
ജയിൽ ഗേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സന്ദർശകരെ അനുവദിച്ചു. സൂപ്രണ്ടിന്റെ ശൗചാലയം തടവുകാരന് ഉപയോഗിക്കാൻ അനുമതി നൽകി. ബോബിയുടെ വാഹനമാണ് അജയകുമാർ ഉപയോഗിച്ചതെന്നും ഈ വാഹനത്തിലിരുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്ലൈൻ യോഗത്തിൽ പങ്കെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.