നഗരസഭാ വനിതാ കൗണ്‍സിലറുടെ വസ്ത്രാക്ഷേപം, തട്ടിക്കൊണ്ടു പോകൽ; നിയമസഭ ബഹളമയം
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം വനിതാ കൗണ്‍സിലർ കലാരാജുവിനെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വസ്ത്രാക്ഷേപം നടത്തിയ സംഭവത്തിൽ ബജറ്റ് സമ്മേളനത്തിന്റെ തുടക്ക ദിനങ്ങൾ തന്നെ നിയമസഭ ബഹളമയമായി.
ഇടതുപക്ഷം ഭരിക്കുന്ന നഗരസഭാ ചെയർപേഴ്സണെതിരേയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ എത്തിയ സിപിഎം കൗണ്‍സിലറെ വസ്ത്രാക്ഷേപം ചെയ്ത അഭിനവ ദുശാസനൻമാരായി മാറുകയാണ് സിപിഎം നേതാക്കളെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്താൻ പ്രതിപക്ഷം തുടർച്ചയായി ശ്രമിച്ചതു സഭയെ ബഹളമയമാക്കി.
കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് യുഡിഎഫ് കൂത്താട്ടുകുളത്തു സ്വീകരിച്ചതെന്നും ഇങ്ങനെയുള്ളവർ രാജിവച്ചു പോകുകയാണു വേണ്ടതെന്നും കലാരാജുവിനെ ലക്ഷ്യമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സിപിഎം അംഗങ്ങൾ നിരന്തരം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും കൊന്പുകോർക്കുന്ന സ്ഥിതിയുമുണ്ടായി.
കലാരാജുവിനെ മർദിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്ത സിപിഎം ഏരിയാ സെക്രട്ടറിയേയും നഗരസഭാ ചെയർപേഴ്സണ്‍ അടക്കമുള്ളവരേയും അറസ്റ്റ് ചെയ്യാത്തതിലും തട്ടിക്കൊണ്ടു പോകലിന് ഒത്താശ നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരേ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
സ്ത്രീ സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പ്രസംഗിച്ചതിനു തൊട്ടു പിന്നാലെ സിപിഎം വനിതാ കൗണ്‍സിലറെ പട്ടാപ്പകൽ വസ്ത്രാക്ഷേപം നടത്തുകയും കാലുവെട്ടുമെന്നു ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ചു നഗരസഭാ ചെയർപേഴ്സന്റെ കാറിൽ സിപിഎമ്മുകാർ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന സ്ഥിതിയിലേക്കു കേരളം മാറിയതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ആരോപിച്ചു.
സ്ത്രീസുരക്ഷയ്ക്കു കേരളം മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കാലുമാറ്റത്തിനു തയാറായ വനിത കൗണ്‍സിലർ രാജിവച്ചു പോകുകയാണ് വേണ്ടതെന്നു മറുപടിയായി പറഞ്ഞു. കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തെയാണ് അവിടെ പരാജയപ്പെടുത്തിയത്. കലാരാജു എന്ന മഹതി നൽകിയ ചില പരാതികളിൽ പോലീസ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലുമാറിയവരെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടതെന്നു വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ ചോദിച്ചു. രാവിലെ കാലുമാറിയ കോണ്‍ഗ്രസ് അംഗത്തെ ഉച്ചകഴിഞ്ഞു വൈസ് പ്രസിഡന്റ് ആക്കിയ ചരിത്രമുള്ള പോളിറ്റ് ബ്യൂറോ അംഗമാണ് ഇപ്പോൾ കാലുമാറ്റത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പറയുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎം നേതാക്കളുടെ പങ്കു പറഞ്ഞു തുടങ്ങിയ വി.ഡി. സതീശന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷത്തുനിന്നു നിരന്തരം ശ്രമമുണ്ടായി. ഇതേ തുടർന്നു പ്രതിപക്ഷ അംഗങ്ങൾ മൂന്നുതവണ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.