കെപിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയില്ല: കെ. സുധാകരൻ
Wednesday, January 22, 2025 2:35 AM IST
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയൊന്നുമില്ലെന്ന് കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു. തനിക്ക് ഇതൊരു ആഡംബരമോ അലങ്കാരമോ അല്ല. ആർക്കും ഏത് പ്രസിഡന്റിനെയും വയ്ക്കാം.
ആ പ്രസിഡന്റിനു സഹകരണം കൊടുക്കും. എല്ലാവർക്കും ആവശ്യമുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റായി തുടരാൻ സമ്മതിച്ചാൽ മതി. കെപിസിസി പ്രസിഡന്റായില്ലെങ്കിൽ വായുവിൽ പറന്നുപോകില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുണ്ടാകും. പക്ഷേ, മത്സരിക്കാൻ താത്പര്യമില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ നിലവിൽ നടക്കുന്നില്ല. അത്തരം ചർച്ചകൾക്ക് ആരും എതിരല്ല.
ദീപാദാസ് മുൻഷി നേതാക്കന്മാരെ പ്രത്യേകം കാണുന്നത് നേതാക്കന്മാർക്ക് ഐക്യമില്ലാത്തതുകൊണ്ടല്ല. അവർക്ക് നേതാക്കളെ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ്. ഒരുമിച്ചിരുന്നു സംസാരിക്കുന്നതിനു ദീപാ ദാസ് മുൻഷിക്കു വിയോജിപ്പുണ്ട്.
എന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരായ കോൺഗ്രസ് രാഷ്ട്രീയമാണ്. ആറ് വയസുമുതൽ സിപിഎമ്മിനെതിരേ പോരാടുന്നയാളാണ്. ആ പോരാട്ടം തുടരും. അതിന്റെ ഭാഗമായി പിണറായി വിജയനെ വീണ്ടും അധികാരത്തിൽ എത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.
അന്വേഷണത്തിന് പിന്നിൽ രാഷ്ട്രീയം
ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്ത കേസിൽ തനിക്കു പങ്കുണ്ടെന്നു പോലീസ് ബോധ്യപ്പെടുത്തിയാൽ പോലീസിന്റെ നിർദേശം അംഗീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.