മദ്യക്കമ്പനിക്കു നൽകിയ അനുമതി പിൻവലിക്കണം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്
Thursday, January 23, 2025 3:00 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ഭാരവാഹികള്‍. പാലക്കാട് ബ്രുവറി, ഡിസ്റ്റിലറി തുടങ്ങാന്‍ സര്‍ക്കാര്‍ കൊടുത്ത അനുമതി പിന്‍വലിക്കണം.
സര്‍ക്കാരിന് ഏതു വിധേനയും പണം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അതാണു സംസ്ഥാനത്തുടനീളം ബാറുകള്‍ തുറക്കുന്നതെന്നും ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ രണ്ടു പ്രകടനപത്രികയിലും മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ട് നേരേ വിപരീതമാണ് സംഭവിച്ചതെന്ന് ട്രസ്റ്റ് വൈസ്പ്രസിഡന്റും സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനുമായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
മദ്യത്തിന്റെ ലഭ്യത കൂടിയതാണ് 13 വയസുള്ള കുട്ടികള്‍ പോലും മദ്യത്തിന് അടിമകളായി മാറാന്‍ കാരണമെന്ന് സെക്രട്ടറിയും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ ഡോ. മലയില്‍ സാബു കോശി ചെറിയാന് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധമുയര്‍ത്തുമെന്നും ബിഷപ്പുമാര്‍ പറഞ്ഞു.