പുതിയ ബസ് റൂട്ടുകൾ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കുമെന്നു മന്ത്രി
Thursday, January 23, 2025 2:59 AM IST
തിരുവനന്തപുരം: പുതിയ ബസ് റൂട്ടുകൾ നിശ്ചയിച്ച് ഉടൻ വിജ്ഞാപനമിറക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ജനകീയസദസിലെ ആവശ്യപ്രകാരമാകും റൂട്ട് നിശ്ചയിക്കുക. നിലവിലെ സ്വകാര്യബസുകൾക്കു ശല്യമാകാത്ത വിധത്തിലാവും പുതിയ റൂട്ടുകൾ. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും പുതിയ റൂട്ടുകളുണ്ടാവും.
ജനകീയ കമ്മിറ്റി നിശ്ചയിക്കുന്ന അത്രയും ബസുകളേ ഓടിക്കൂ. തിരുവനന്തപുരം നഗരത്തിൽ റൂട്ടുണ്ടാക്കിയിട്ട് വർഷങ്ങളായി. അവിടെയടക്കം നമ്പറും റൂട്ടും നിശ്ചയിക്കും. വിജ്ഞാപനം ഇറങ്ങുന്നതോടെ ഗ്രാമങ്ങളിലേക്ക് അടക്കം സ്വകാര്യ ബസ് സർവീസ് തുടങ്ങാനും ലാഭകരമായും അപകടമില്ലാതെയും മത്സരമില്ലാതെയും നടത്തിക്കൊണ്ടുപോകാനുമാകും.
അനാരോഗ്യകരമായ മത്സരമാണ് ഗതാഗത രംഗത്തെ തകർത്തതെന്നും മന്ത്രി പറഞ്ഞു.