പീഡനം: പ്രതിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
Thursday, January 23, 2025 2:59 AM IST
തിരുവനന്തപുരം: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുള്ള പെണ്‍കുട്ടിയെ സുബ്രഹ്മണ്യൻ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചെങ്ങമനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
പ്രാദേശിക സിപിഎം നേതാവായ പ്രതിയെ അറസ്റ്റ് ചെയ്യാതെ ഭരണകക്ഷിക്കാർ സംരക്ഷിക്കുകയാണെന്ന് സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കുട്ടിയെ ആലുവ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തുന്നു. ഇത്തരം കേസുകളിൽ കുറ്റവാളികൾക്ക് യാതൊരുവിധ സംരക്ഷണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.