വിദേശത്ത് വിവാഹമോചനം; പഞ്ചായത്തിലെ രജിസ്ട്രേഷന് റദ്ദാക്കാന്‍ കഴിയാത്തതില്‍ വിശദീകരണം തേടി
Thursday, January 23, 2025 3:00 AM IST
കൊച്ചി: വിദേശത്തു വിവാഹമോചനം അനുവദിച്ചതിനാല്‍ സ്വന്തം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം റദ്ദാക്കാന്‍ തയാറാകാത്തതു ചോദ്യം ചെയ്തു സമർപ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
ഖത്തര്‍ സുപ്രീം ജുഡീഷറി കൗണ്‍സില്‍ അനുവദിച്ച വിവാഹമോചനത്തിന്റെ രേഖകള്‍ സഹിതം ഉള്‍പ്പെടുത്തി വിവാഹ രജിസ്ട്രേഷന് റദ്ദാക്കാന്‍ നല്കിയ അപേക്ഷ പാലക്കാട് നാഗലശേരി പഞ്ചായത്ത് അനുവദിക്കാതിരുന്നതു ചോദ്യംചെയ്ത് പ്രവാസിയായ പാലക്കാട് സ്വദേശി മുഹമ്മദ് അബ്ദുറഹ്മാന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.
വിവാഹമോചനം നേടിയതിന്റെ അടിസ്ഥാനത്തില്‍ വിവാഹ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിന് 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങള്‍ പ്രകാരം അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചത്.
സര്‍ക്കാര്‍, പഞ്ചായത്ത് ഡയറക്ടര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവായി.