പുകഴ്ത്തുപാട്ടുകാർ തകർത്താടും കാലം
Thursday, January 23, 2025 2:59 AM IST
സാബു ജോണ്
തിരുവനന്തപുരം: പിണറായി വിജയനെക്കുറിച്ചു വാഴ്ത്തുപാട്ട് എഴുതിയ പൂവത്തൂർ ചിത്രസേനനെ എല്ലാവരും അറിയും. എന്നാൽ അറിയപ്പെടാത്ത വാഴ്ത്തുപാട്ടുകാർ ഉണ്ടെന്ന് ഇന്നലെ നിയമസഭയിലെ ചർച്ചയ്ക്കിടയിൽ വെളിവായി.
“ശിഖരങ്ങൾ മുറിയാത്ത
മലയാണു നീ
നീരുറവ വറ്റാത്ത പുഴയാണു നീ
തളരും മനുഷ്യന്റെ
മനസിന്റെയുള്ളിൽ
അണയാതെ നിൽക്കും
വിളക്കാണു നീ’’
മനോഹരമായ ശബ്ദത്തിൽ ഈ കവിത ഈണത്തിൽ പാടിയത് എച്ച്. സലാം ആയിരുന്നു. സ്വന്തമായി എഴുതിയ കവിതയാണ് നിയമസഭയിലൂടെ സലാം പുറംലോകത്തേക്ക് എത്തിച്ചത്.
മുഖ്യമന്ത്രിയെക്കുറിച്ചു വാഴ്ത്തുപാട്ട് എഴുതിയ സംഘടനക്കാർ വിലാപകാവ്യം എഴുതേണ്ടിവരുമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. ധാർഷ്ട്യത്തിന്റെ ആൾരൂപമായ സതീശനേക്കുറിച്ച് ആരെങ്കിലും കവിത എഴുതുമോ എന്നായിരുന്നു സലാമിന്റെ ചോദ്യം. താനും പിണറായി വിജയനെക്കുറിച്ചു കവിത എഴുതിയിട്ടുണ്ടെന്നു പറഞ്ഞു സഭയിൽ ആലപിക്കുകയായിരുന്നു. ചിത്രസേനനു വിരമിച്ച ശേഷം നിയമനം കിട്ടി. സലാമിനോ? കാത്തിരുന്നു കാണാം.
പിണറായിയെ മാത്രമല്ല, മന്ത്രിമാരെയും പുകഴ്ത്താൻ ഭരണപക്ഷത്തെ പലരും മത്സരിക്കുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മുഖംപോലെ സുന്ദരമാണു സംസ്ഥാനത്തെ ഭൂരിഭാഗം പിഡബ്ല്യുഡി റോഡുകളുമെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പക്ഷം.
ചുരുക്കം ചില റോഡുകൾ പ്രതിപക്ഷ നേതാവ് ആക്രോശിക്കുമ്പോഴുള്ള മുഖഭാവം പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കണ്ട് ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കിൽ അതു മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാകുമെന്നു കേരള കോണ്ഗ്രസ്- എമ്മിന്റെ രാഷ്ട്രീയനിലപാട് ഉറപ്പിച്ചു കൊണ്ടു സെബാസ്റ്റ്യൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പേരിൽ തങ്ങളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ലീഗിന്റെ മറുപടി ആദ്യം നൽകിയത് കെ.പി.എ. മജീദ് ആണ്. മുഖ്യമന്ത്രി പിണറായി വിജയനും ജമാ അത്തെ ഇസ്ലാമി നേതാക്കളും നിൽക്കുന്ന ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു മജീദിന്റെ ആക്ഷേപം.
പിന്നെയും ലീഗിനെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു സിപിഎമ്മുകാരനായ എൻ.കെ. അക്ബർ. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, ലീഗ് കൂട്ടുകെട്ട് എത്രത്തോളം അപകടകരമാണെന്നു പറയുവാൻ അക്ബർ പലതവണ ഗ്രീഷ്മ കഷായം എന്ന വിശേഷണം പ്രയോഗിച്ചു കൊണ്ടിരുന്നു.
എകെജി സെന്ററിൽ നിന്നുള്ള കാപ്സ്യൂൾ പ്രകാരമാണ് സിപിഎമ്മുകാർ ലീഗിനെതിരേ ജമാ അത്തെ പ്രയോഗം നടത്തുന്നതെന്നാണ് നജീബ് കാന്തപുരത്തിന്റെ പക്ഷം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്തെ ഇസ്ലാമിയുടെ നന്മകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു നജീബിന്റെ മറുപടി.
മുമ്പു പി. ജയരാജനേക്കുറിച്ചു പുകഴ്ത്തുപാട്ടിറങ്ങിയപ്പോൾ അതു തള്ളിപ്പറഞ്ഞില്ലെന്നു പറഞ്ഞ് ജയരാജനെ സിപിഎം ശാസിച്ച ചരിത്രം എം. വിൻസന്റ് ഓർമിപ്പിച്ചു. ഇപ്പോൾ എല്ലാ സ്തുതിയും പുകഴ്ത്തലും എനിക്കു മാത്രം എന്ന നിലപാടാണത്രെ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അരങ്ങേറ്റപ്രസംഗം സിപിഎമ്മിനെതിരേയുള്ള രൂക്ഷമായ കടന്നാക്രമണത്തോടെ ആയിരുന്നു. പാലക്കാട്ടെ നീലപ്പെട്ടിയും ഹോട്ടൽ റെയ്ഡും രാഹുൽ ഉടനെയെങ്ങും മറക്കുമെന്നു തോന്നുന്നില്ല.