ബ്രൂവറിക്കു പിന്നിൽ നഗ്നമായ അഴിമതി: രമേശ് ചെന്നിത്തല
Thursday, January 23, 2025 3:00 AM IST
തിരുവനന്തപുരം: ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറിക്ക് അനുമതി നൽകിയതിനു പിന്നിൽ നഗ്നമായ അഴിമതിയാണെന്നു രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായ കമ്പനിയാണിത്. സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റിലറീസിനു വെള്ളം കൊടുക്കുന്നില്ല. അപ്പോഴാണ് സ്വകാര്യ കമ്പനിക്ക് ബ്രൂവറി തുടങ്ങാനുള്ള അനുമതി നൽകിയത്. കേരളത്തിൽ ഇനി പുതിയ ഡിസ്റ്റിലറികൾ തുടങ്ങേണ്ടെന്ന് 1995 ൽ നായനാർ സർക്കാർ തീരുമാനിച്ചതാണ്.
തുടർന്നു വന്ന ഒരു സർക്കാരും പുതിയ ഡിസ്റ്റിലറികൾ ആരംഭിച്ചിട്ടില്ല. 2018 ൽ ഇരുചെവി അറിയാതെ ബ്രൂവറികൾക്ക് അനുമതി നൽകാനുള്ള തീരുമാനത്തിൽനിന്നു പിൻവാങ്ങിയത് താൻ ഉൾപ്പെടെയുള്ളവർ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 89 സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ ആയി പ്രഖ്യാപിച്ചത് ഇവിടങ്ങളിൽ ബിയർ, വൈൻ പാർലറുകൾക്ക് അനുമതി നൽകുന്നതിനു വേണ്ടിയാണ്.
പിപിഇ കിറ്റിന്റെ പേരിൽ സർക്കാർ നടത്തിയ അഴിമതി അക്കാലത്ത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സിഎജി റിപ്പോർട്ടിൽ ഇതു ശരിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് ഈ ഇടപാടു നടത്തിയതെന്നാണ് അന്നത്തെ ആരോഗ്യമന്ത്രി പറഞ്ഞത്. ഇതിന്റെ സത്യാവസ്ഥ പുറത്തു വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.