ഒറ്റ വാക്കാണ് അക്രമി ചോദിച്ചത്, പിന്നെ അച്ഛനെ എന്റെ കണ്മുന്നില്...; നടുക്കം വിട്ടുമാറാതെ ആരതി
Friday, April 25, 2025 1:17 AM IST
കൊച്ചി: പഹല്‍ഗാമിലെ മിനി സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ തങ്ങള്‍ എത്തി പത്തു മിനിറ്റിനുള്ളില്‍ത്തന്നെ ഭീകരാക്രമണം നടന്നതായി കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി മേനോന്.
“എന്റെ അടുത്തു വന്ന അക്രമി സൈനികവേഷത്തില്‍ ആയിരുന്നില്ല. അകലെ നിന്നു വെടിയൊച്ച കേട്ടു നോക്കിയപ്പോള്‍ ഒരാള്‍ മുകളിലേക്ക് വെടി വയ്ക്കുന്നതാണു കണ്ടത്. അപ്പോള്‍ ഭീകരാക്രമണമാണെന്ന് അച്ഛനോട് ഞാന്‍ സംശയം പറഞ്ഞിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി ഞങ്ങളെ പിടികൂടി” -കാഷ്മീരില്‍നിന്നു മടങ്ങിയെത്തിയശേഷം ഇടപ്പള്ളിയിലെ വീട്ടില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു ആരതി.
എന്റെ തലയിലും തോക്ക് ചൂണ്ടി
അക്രമികള്‍ ഓരോ ടൂറിസ്റ്റ് സംഘത്തിന്റെയും അടുത്തു ചെന്ന് എന്തോ ചോദിക്കുകയും വെടി വയ്ക്കുകയുമായിരുന്നു. ഞങ്ങളുടെ അടുത്ത് വന്നയാള്‍ നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ എല്ലാവരും കിടന്നു. കലിമ... അങ്ങനെ എന്തോ ഒരു വാക്ക് മാത്രമാണ് അയാള്‍ തങ്ങളോടു ചോദിച്ചത്. രണ്ടു പ്രാവശ്യമേ ചോദിച്ചുള്ളൂ. അറിയില്ലെന്ന് ഹിന്ദിയില്‍ മറുപടി നല്കി. ഉടനെ അച്ഛനെ വെടിവച്ചു. പേടിച്ചുപോയ ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എന്റെ തലയ്ക്കു നേരേയും അയാള്‍ തോക്കു ചൂണ്ടി. ഈ സമയം എന്റെ കുട്ടികള്‍ അലമുറയിട്ട് കരഞ്ഞു.
കുട്ടികള്‍ കരഞ്ഞതുകൊണ്ടാകാം, എന്നെ ഉപദ്രവിക്കാതെ അയാള്‍ തോക്കുമായി നടന്നുപോകുകയാണു ചെയ്തത്. അച്ഛന് മരിച്ചുവെന്നു മനസിലായതോടെ ഞാന്‍ മക്കളെയുംകൊണ്ട് പെട്ടെന്നുതന്നെ കാട്ടിലൂടെ താഴേക്ക് ഇറങ്ങി. ഏതാണ്ട് ഒരു മണിക്കൂര്‍ ഓടി.
കുതിരകള്‍ ഓടിയ വഴിയിലൂടെയാണ് ഞങ്ങളും ഓടിയത്. കുറേനേരം കഴിഞ്ഞാണു ഫോണില്‍ റേഞ്ച് കിട്ടിയത്. ഈ സമയം കാഷ്മീരിയായ എന്റെ ഡ്രൈവറെ വിളിക്കാന്‍ കഴിഞ്ഞു. ഡ്രൈവറെ ഫോണില്‍ കിട്ടിയപ്പോള്‍ അടുത്തുള്ള ഒരു നാട്ടുകാരന്റെ കൈയില്‍ ഫോണ്‍ കൊടുത്തു സംസാരിക്കാന്‍ ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പട്ടാളക്കാര്‍ ഓടി വരുന്നതു കണ്ടു. രണ്ട് അക്രമികളെ മാത്രമേ ഞാന്‍ കണ്ടുള്ളൂ. അതിലൊരാളാണ് ഞങ്ങളുടെ അടുത്തേക്കു വന്നത്.
അമ്മയറിഞ്ഞത് കൊച്ചിയിലെത്തിയശേഷം
ആക്രമണത്തിനുശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കാഷ്മീരിലെ പ്രദേശവാസികള്‍ എല്ലാവരും വളരെയേറെ സഹായിച്ചു. ഞങ്ങള്‍ ചെക്ക് ഇൻ ചെയ്യാത്ത ഹോട്ടലുകള്‍പോലും ഞങ്ങള്‍ക്കു താമസിക്കാന്‍ വിട്ടുതന്നു.
മൃതദേഹം തിരിച്ചറിയുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ആശുപത്രിയിലും മറ്റും പോകേണ്ടിവന്നപ്പോഴും എന്റെ ഡ്രൈവറും കാഷ്മീരിലെതന്നെ വേറൊരാളുമാണ് സഹോദരങ്ങളെപ്പോലെ ഒപ്പമുണ്ടായിരുന്നത്. അച്ഛന്റെ മരണം അമ്മയെ അറിയിച്ചിരുന്നില്ല. പരിക്കേറ്റെന്നു മാത്രമാണ് പറഞ്ഞിരുന്നത്.
വിവരങ്ങള്‍ അമ്മ അറിയാതിരിക്കാന്‍ താമസിച്ചിരുന്ന ഹോട്ടലിലെ ടിവി കണക്ഷന് വിച്ഛേദിച്ചിരുന്നു. ബുധനാഴ്ച രാത്രി മൃതദേഹം കൊച്ചിയിലെത്തിച്ചശേഷമാണു മരണവിവരം അമ്മയെ അറിയിച്ചതെന്നും ആരതി പറഞ്ഞു.