റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ജെയിൻ കുര്യൻ നാട്ടിലെത്തി
Friday, April 25, 2025 1:17 AM IST
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ (29) വീടണഞ്ഞു.
യുക്രെയ്ൻ ഡ്രോണ്‍ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ് മൂന്നരമാസം മോസ്കോയിൽ ചികിത്സയിലായിരുന്നു. വീണ്ടും സൈന്യത്തിലേക്കു മടങ്ങേണ്ടിവരുമെന്ന ആശങ്കകൾക്കിടയിലാണ് അപ്രതീക്ഷിതമോചനം.
രാവിലെ ആറിനു ഡൽഹിയിലെത്തിയ ജെയിൻ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണു മോചനവിവരം അറിഞ്ഞത്. പതിനൊന്നരയോടെ നെടുമ്പാശേരിയിലെത്തിയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു സ്വീകരിച്ചു.
ഉച്ചകഴിഞ്ഞു 3.30നു വീട്ടിലെത്തി. ജെയിനിനെ സ്വീകരിക്കാൻ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉൾപ്പെടെ പൊതുപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. മാതാവ് ജെസി മകനെ വാരിപ്പുണർന്നതു ചുറ്റുമുള്ളവരുടെയും കണ്ണുനനയിച്ചു.
തോക്കെടുക്കുമ്പോൾ മരണം മുന്നിൽകണ്ടിരുന്നെന്നും ജെയിൻ പറഞ്ഞു.