കുടകിൽ മലയാളി തോട്ടം ഉടമയുടെ കൊല: മൂന്നുപേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
Friday, April 25, 2025 1:17 AM IST
ഇരിട്ടി: കുടകിലെ ബി ഷെട്ടിഗേരിയിൽ മലയാളിയായ തോട്ടം ഉടമ പ്രദീപ് കൊയിലി (49) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.
മടിക്കേരി ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കയർപോലെയുള്ള വസ്തു ഉപയോഗിച്ച് കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചു കൊന്നതായാണ് വിവരം.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം പ്രദീപന്റെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ കൊയിലി ആശുപത്രിയിൽ എത്തിച്ചു. ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തിലുള്ള വീട്ടിനുള്ളിലാണ് ബുധനാഴ്ച അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.
പോലീസിന്റെ അന്വേഷണത്തിൽ വീടിനകത്തുണ്ടായിരുന്ന നിരീക്ഷണ കാമറ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എന്നാൽ വീടിനു പുറത്തു സ്ഥാപിച്ച ഒരു കാമറയിൽ മൂന്നുപേർ വീട്ടിൽനിന്നു പുറത്തേക്കുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. അതേസമയം കുടക് എസ്പിയുടെ നേതൃത്വത്തിൽ നാലു സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തിവരികയാണ്.
കൊലപാതകം സംബന്ധിച്ചും മൂന്നുപേരുടെ കസ്റ്റഡി സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ണൂർ കൊയിലി ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒന്പതു മുതൽ 10 വരെ കൊയിലി ആശുപത്രിയിലും തുടർന്ന് 11 വരെ പുതിയതെരുവിലെ വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം 11.30ന് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും.