എകെജി സെന്റർ ഉദ്ഘാടനവേദിയിൽ തന്നെ ആരും ഒതുക്കിയിട്ടില്ലെന്ന് എം.എ. ബേബി
Friday, April 25, 2025 1:17 AM IST
പത്തനംതിട്ട: എകെജി സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ തന്നെ ഒതുക്കിയെന്ന ആക്ഷേപം തള്ളി എം.എ. ബേബി. സാങ്കേതികമായി ജനറൽ സെക്രട്ടറി ഞാനാണെങ്കിലും അനുഭവ സമ്പത്ത് കൂടുതൽ പിണറായി വിജയനാണ്.
അദ്ദേഹം എകെജി സെന്റർ ഉദ്ഘാടനം ചെയ്തതിൽ തെറ്റൊന്നുമില്ല. അവിടെ പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് പിണറായി.
ഇഎംഎസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് ഡൽഹിയിലെ എകെജി ഭവന് തറക്കല്ലിട്ടത് മുതിർന്ന നേതാവ് ബി.ടി. രണദിവെയാണെന്ന് ബേബി ചൂണ്ടിക്കാട്ടി. താൻ ഏറ്റെടുത്തിരിക്കുന്നത് ഒരു പദവിയല്ല, ഉത്തരവാദിത്വമാണ്.
ഭീകരവാദം അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യം ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് മതവുമായി ബന്ധമില്ല. കാശ്മീരിലെ ഭീകരപ്രവർത്തനത്തെ ഒരു മതവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ബേബി പറഞ്ഞു.